Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയില്‍ ദേവസേന പാടിയാടിയ പാട്ട്: വൈറലായി വിഡിയോ

kanna-nee-thoongada-video-song

ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ഏറെ പ്രിയങ്കരമായത് കൃഷ്ണനെക്കുറിച്ചുള്ള ഒരു പാട്ടായിരുന്നു. ഗാനത്തിന്റെ ലിറികൽ‌ വിഡിയോയും ഓഡിയോ ജ്യൂക് ബോക്സും ‍‌ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. പാട്ടിന്റെ വിഡിയോ പുറത്തിറങ്ങുമ്പോഴും വൻ പ്രേക്ഷക ശ്രദ്ധയാണു നേടുന്നത്. ഒറ്റ രാത്രികൊണ്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ വിഡിയോ യുട്യൂബ് വഴി ആളുകൾ കണ്ടത്. തെലുങ്ക് ഗാനത്തിന്റെ മലയാളം, തമിഴ് പതിപ്പുകളുടെ വിഡിയോകളോടും സമാന പ്രതികരണമാണ്.

രാജകുമാരിയായ ദേവസേന തന്റെ കൊട്ടാരത്തിൽ സഖിമാർക്കൊപ്പം കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് പശ്ചാത്തലം. ആ നേരത്ത് കൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേൾക്കുകയും രാജകുമാരിയുടെ പ്രണയം തിരിച്ചറിയുകയും ചെയ്യുന്നു.

നീളൻ മുടിയുള്ള ദേവസേന തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും ക്ലാസിക് ഭംഗിയുള്ള ‌ആഭരണങ്ങളുമണിഞ്ഞ് ദീപങ്ങളുടെ പശ്ചാത്തലത്തിൽ ആടിപ്പാടുന്നത് കാണാൻ അതിമനോഹരമാണ്. ചിത്രത്തില്‍ അനുഷ്കയെ കാണാൻ ഏറെ ഭംഗിയുള്ള രംഗങ്ങളിലൊന്നും ഈ പാട്ടാണ്. കൃഷ്ണ ഭക്തർക്കെല്ലാം പ്രിയങ്കരമാകുന്ന വരികളും പുല്ലാങ്കുഴൽനാദം പോലെ ചേലുള്ള ഈണവുമാണ് പാട്ടിനും. അതുതന്നെയാണ് ഇതിന്റെ ജനപ്രീതിക്കു കാരണവും. 

എം എം കീരവാണി എഴുതി ഈണമിട്ട ‘കണ്ണാ നിദുരിഞ്ചരാ...’ എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി. ശ്രീസൗമ്യയും ചേർന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേർഷനായ ‘കണ്ണാ നീ തൂങ്കടാ’ പാടിയത്. മലയാളത്തിൽ ‘കണ്ണാ നീ ഉറങ്ങെടാ’ എന്ന ഗാനം പാടിയത് ശ്വേത മോഹനുമാണ്. മൊഴിമാറ്റ ഗാനങ്ങൾ സൃഷ്ടിക്കാറുള്ള പതിവ് യാന്ത്രികതകളൊന്നുമില്ലാത്ത മനോഹരമായ വരികളാണ് തമിഴിലും മലയാളത്തിലുമുള്ളത്. തമിഴിൽ കർക്കിയും മലയാളത്തിൽ മങ്കൊമ്പ് രാധാകൃഷ്ണനുമാണ് വരികളെഴുതിയത്.