ആയിരം കോടിയുടെ ബോക്സ് ഓഫിസ് കളക്ഷൻ നേടി ചരിത്രമെഴുതിയ എസ്.എസ്.രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. സാഹോരെ ബാഹുബലി എന്ന പാട്ടിന്റെ വിഡിയോയാണിത്. ഇതിന്റെ മലയാളം, ഹിന്ദി പതിപ്പിലെ വിഡിയോ സോങ് ആണ് പുറത്തിറങ്ങിയത്. ബാഹുബലിയുടെ വീര്യവും അമ്മയോടുള്ള സ്നേഹവുമൊക്കെ കാണിക്കുന്ന അതിമനോഹരമായ വിഡിയോയാണിത്. ട്രെയിലറിലും ടീസറിലും നമ്മെ കോരിത്തരിപ്പിച്ച രംഗങ്ങള്‍ അധികവും ഈ പാട്ടിൽ നിന്നാണ്. ബാഹുബലിയുടെ കുട്ടിക്കാലവും തേരോട്ടവുമൊക്കെ കാണിക്കുന്ന ബ്രഹ്മാണ്ഡ രംഗങ്ങളുള്ള ഗാനത്തിന്റെ വിഡിയോയാണിത്.
ബാഹുബലി ഇടഞ്ഞ കൊമ്പനെ അടക്കിനിർത്തി അമ്മയ്ക്ക് യാത്രയ്ക്ക് വഴിയൊരുക്കുന്നതും കുതിരപ്പട്ടാളത്തിനോടൊപ്പം പായുമ്പോൾ തടാകത്തിൽ പൂ പറിയ്ക്കുന്നതും ഉൾപ്പെടെയുള്ള മാസ് രംഗങ്ങൾക്ക് ഡാലെര്‍ മെഹന്ദിയുടെ മുഴക്കമുള്ള സ്വരത്തിലുള്ള പാട്ടു കൂടിയാകുമ്പോൾ ആവേശം വാനോളമെത്തും. സംഗീത സംവിധാനം നിർവ്വഹിച്ച എം.എം.കീരവാണിയും മൗനിമയുമാണ് ഒപ്പം പാടിയത്. മലയാളത്തിൽ വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.
കെ.ശിവശക്തി ദത്തയും ഡോ.കെ രാമകൃഷ്ണയും ചേർന്നാണു വരികൾ കുറിച്ചത്. പാട്ടിന്റെ ജ്യൂക്ബോക്സും ലിറികൽ വിഡിയോയും ലക്ഷക്കണക്കിനു പ്രാവശ്യമാണ് ആളുകൾ യുട്യൂബ് വഴി കണ്ടത്.