ബാഹുബലി ആദ്യ ഭാഗത്തിലെ മനോഹരിയെന്ന ഗാനത്തിലെ നടി സ്കാർലെറ്റ് വിൽസണിന്റെ നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. അവരുടെ ലുക്കും ചലനങ്ങളും അവിസ്മരണീയമാണ്. ചൂടൻ നൃത്തരംഗങ്ങൾ മാത്രമല്ല നല്ല ഉശിരുള്ള തല്ല് കൊടുക്കാനും അറിയാമെന്ന് താരം തെളിയിച്ചു. ഐറ്റം ഡാൻസുകളിലൂടെ ശ്രേദ്ധേയായ സ്കാർലെറ്റ് വിൽസണിന്റെ ഒരു പ്രവൃത്തിയെ സമൂഹമാധ്യമം കയ്യടക്കുകയാണ്. ഒരു ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തേ ആഞ്ഞുവീശീ ഒരടി കൊടുത്തു നടി. ഈ വിഡിയോ വൈറലാണ്.
'ഹൻസ ഏക് സൻയോഗ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഐറ്റം ഡാൻസ് ചിത്രീകരണത്തിനിടെയായിരുന്നു. സിനിമയിലെ ഐറ്റം ഡാൻസ് ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച് ഉമാകാന്ത് റായി സ്കാർലെറ്റിന്റെ ശരീരത്തിൽ ബോധപൂർവ്വം സ്പർശിക്കാൻ ശ്രമിച്ചു. മുടിയിൽ തൊട്ടതോടെ നിയന്ത്രണം വിട്ട സ്കാർലെറ്റ് ഉമാകാന്തിന്റെ മുഖത്തടിച്ചു. അടി കൊണ്ടതിന്റെ ചമ്മലിൽ തന്റെ ഭാഗം ന്യായീകരിക്കാൻ ഉമാകാന്ത് തന്നെക്കൊണ്ടു കഴിയുന്ന വിധം ശ്രമിച്ചെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല.
പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് മനസിലായില്ല. കാര്യങ്ങൾ വിശദീകരിച്ച് നടി തന്നെ രംഗത്തെത്തുകയായിരുന്നു. നടന്റെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും സംഭവത്തിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് ശർമ്മ വ്യക്തമാക്കി. സംഭവത്തിൽ നടൻ മാപ്പു പറഞ്ഞില്ലെങ്കിൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.