ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ട് 51 ദിവസം പിന്നിട്ടപ്പോഴെത്തിയ ടൈറ്റിൽ സോങ് ശ്രദ്ദ നേടുകയാണ്. ഇന്നലെ യുട്യൂബിലെത്തിയ ഗാനം ഒരൊറ്റ ദിവസം കൊണ്ട് ആറര ലക്ഷത്തോളം ആളുകളാണു കണ്ടത്. ഒന്നാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളെ വളരെ ക്രിയാത്മകമായി കോർത്തിണക്കിയിരിക്കുന്നു വിഡിയോയിൽ.
മഹിഷ്മതിയെ കുറിച്ചു രാജമൗലി പറയുന്നതും യുദ്ധരംഗങ്ങളും ബാഹുബലിയെ കയ്യിലേന്തി ശിവകാമി നദിയിലൂടെ ഒഴുകി മറയുന്നതും കട്ടപ്പ ബാഹുബലിയെ കുത്തുന്നതും ഉൾപ്പെടെയുള്ള രംഗങ്ങളാണ് രണ്ടര മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. പ്രഭാസും അനുഷ്കയും റാണാ ദഗ്ഗുപതിയും തമന്നയുമാണ് രംഗങ്ങളിലുള്ളത്. എസ്.എസ്. രാജമൗലി തീർത്ത ബാഹുബലി എന്ന ചിത്രത്തിന്റെ ഭംഗി മുഴുവനുമുണ്ട് ഈ വിഡിയോയിൽ. ഇത് യുട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷകർ സമൂഹ മാധ്യമ വഴിയും മറ്റും പറഞ്ഞ അഭിപ്രായവും ഇതുതന്നെയാണ്. എം.എം.കീരവാണിയാണ് ഈ ചിത്രത്തിനു സംഗീതമൊരുക്കിയത്. കീരവാണി തന്നെയാണ് ടൈറ്റിൽ ഗാനവും കുറിച്ചത്. പാടിയത് കാല ഭൈരവയും.