ബാഹുബലി 2– ദ് കണ്ക്ലൂഷൻ ആവേശവും ആഘോഷവുമായി മാറുമ്പോൾ ഹൈദരബാദിലെ വീട്ടിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് മലയാളിയായ നയന നായർ. നയനയെ മലയാളികൾ മറക്കാൻ ഇടയില്ല, റിയാലിറ്റി ഷോയിലൂടെ വന്ന് വ്യത്യസ്തമായആലാപനശൈലിയിലൂടെ മനസുകവർന്ന തിരുവനന്തപുരം സ്വദേശിയാണ് നയന. ബാഹുബലിയുടെ തമിഴിലെ മുഖ്യഗാനം, ''കണ്ണാ നീ തൂങ്കടാ..'' നയനയുടെ സ്വരമാധുരിയിലൂടെയാണ് കേട്ടത്. സിനിമയുെട കൂടുതൽ പാട്ടുവിശേഷങ്ങൾ നയന പങ്കുവെക്കുന്നു.
നയന എങ്ങനെയാണ് ബാഹുബലിയുടെ ഭാഗമാകുന്നത്?
വിവാഹം കഴിഞ്ഞ് ഹൈദരബാദിലാണ് ഞാൻ താമസിക്കുന്നത്. നാട്ടിൽ സ്റ്റേജ്ഷോയും പാട്ടുകളുമായി സജീവമായിരുന്ന സമയത്തായിരുന്നു വിവാഹം. ഹൈദരബാദിൽ ചെന്ന് കഴിഞ്ഞപ്പോൾ പാട്ടിനുള്ള അവസരമുണ്ടായിരുന്നില്ല. ഇങ്ങനെയായാൽ പറ്റില്ല സംഗീതലോകത്തേക്ക് തിരികെ വരണമെന്ന് തോന്നിയപ്പോൾ ആദ്യം വിളിച്ചത് ജാസി ഗിഫ്റ്റിനെയാണ്. അദ്ദേഹമാണ് കീർവാണി സർ ഹൈദരബാദിലുള്ള കാര്യം പറയുന്നത്. അതുവരെ പാട്ടിന്റെ വർക്കുകൾ എല്ലാം ചെന്നൈയിലാണെന്നായിരുന്നു എന്റെ വിചാരം. ജാസി സാറിന്റെ നിർദേശമനുസരിച്ച് കീർവാണി സാറിന്റെ പിഎയ്ക്ക് ഞാൻ പാടിയ പാട്ടുകളുടെ സിഡി നൽകി. 2015 ഡിസംബറിലായിരുന്നു അത്. 2016 ഫെബ്രുവരിയിൽ അദ്ദേത്തിന്റെ ഓഫീസിൽ നിന്നും കോറസ് ഗ്രൂപ്പിൽ ചേരാൻ ക്ഷണം വന്നു.
ഒരു ദിവസം അദ്ദേഹം എന്നെക്കൊണ്ട് ഒരു പാട്ട് പാടിച്ചു. പല്ലവി പാടിയത് കേൾക്കാൻ രാജമൗലി സർ വന്നു. എന്റെ പാട്ടുകേട്ടു. അതിനുശേഷം കീർവാണി സാറും രാജമൗലി സാറും തമ്മിൽ എന്തൊക്കെയോ ചർച്ചകൾ നടത്തുന്നത് കേട്ടു. എനിക്ക് ആ സമയത്ത് തെലുങ്ക് ഒന്നും അറിയില്ലായിരുന്നു. എന്താണ് പറയുന്നതെന്ന് മനസിലായില്ല. അദ്ദേഹം പോയികഴിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർ വന്ന് "ബാഹുബലി സിംഗർ കൺഗ്രറ്റുലേഷൻസ്" എന്നു പറഞ്ഞു. ആദ്യം കാര്യം എനിക്ക് പിടികിട്ടിയില്ല, പിന്നെയാണ് മനസിലായത് "കണ്ണാ നീ തൂങ്കടാ..." എന്ന് ഞാൻ പാടിയ പാട്ട് ബാഹുബലിയിലേതാണെന്ന്. ആ സമയം ഓ നമോ വെങ്കിടേശായ എന്ന തെലുങ്ക് സിനിമയുടെയും വർക്ക് നടക്കുന്നുണ്ടായിരുന്നു. കണ്ണാ നീ തൂങ്കടാ എന്ന് പാടിയപ്പോൾ കരുതിയത് ആ സിനിമയിലെ പാട്ട് ആയിരിക്കുമെന്നാണ്.
ബാഹുബലിയിലെ പാട്ടുകാരിയായി എന്ന് അറിഞ്ഞപ്പോൾ തോന്നിയത്?
കീർവാണി സാറിനോട് എത്ര നന്ദിപറഞ്ഞാലും തീരില്ല. എന്നേപ്പോലെയൊരു തുടക്കകാരിക്ക് ബാഹുബലി സിനിമയിലെ പാട്ട് തന്നത് അദ്ദേഹത്തിന്റെ വലിയ മനസാണ്. ബാഹുബലി ഒന്നാം ഭാഗം നാട്ടിലെ തിയറ്ററിലിരുന്ന് കണ്ടപ്പോൾ വെറുതെ മനസിൽ ആഗ്രഹിച്ചിരുന്നു, ഇതുപോലൊരു സിനിമയിലൊക്കെ പാടാൻ സാധിച്ചിരുന്നെങ്കില്ലെന്ന്. ആ ആഗ്രഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.
പാട്ടിന്റെ പശ്ചാത്തലം എന്താണ്?
കൃഷ്ണനെക്കുറിച്ചാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ ഓർത്ത് ദേവസേന പാടുന്ന റൊമാന്റിക്ക് സോങ്ങാണ്. ദേവസേന കാരണം ബാഹുബലിക്ക് ഒരു അപകടം സംഭവിക്കും, അതിന് പ്രായശ്ചിത്തമായിട്ടാണ് ഈ പാട്ട് പാടുന്നത്. കണ്ണാ എന്ന് വിളിക്കുന്നത് ബാഹുബലിയെ ഉദ്ദേശിച്ചാണ്.
മലയാളവും തെലുങ്ക് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം?
കീർവാണി സാറിനൊപ്പമുള്ള അനുഭവം പറയുകയാണെങ്കിൽ പാട്ടിന്റെ കംപോസിങ്ങ് ഘട്ടം മുതൽ ഗായകരെ ഒപ്പം കൂട്ടും. ആ പാട്ട് വളർന്ന് വികസിക്കുന്നത് കാണാനുള്ള അവസരം നമുക്കുണ്ട്. മലയാളത്തിൽ പാട്ടിന്റെ അവസാനഘട്ടത്തിൽ സ്റ്റുഡിയോയിൽ ചെന്ന് പാടിയതാണ് എന്റെ അനുഭവം, കംപോസിങ്ങ് സമയത്ത് ഗായകരെ ഒപ്പം കൂട്ടുമോയെന്ന് അറിയില്ല.
ബാഹുബലി കുടുംബത്തെക്കുറിച്ച്?
സിനിമ തീർന്നപ്പോൾ ഏറ്റവും അധികം മിസ് ചെയുന്നത് ബാഹുബലി കുടുംബത്തെയാണ്.എല്ലാവരും തമ്മിൽ അത്ര അടുപ്പമായിക്കഴിഞ്ഞിരുന്നു. തെലുങ്ക് ഭാഷ ഒട്ടുമേ അറിയാതെയാണ് ഞാൻ അവരുടെ ഇടയിലേക്ക് ചെല്ലുന്നത്. പക്ഷെ പുറമേ നിന്നുള്ള ആളാണെന്ന രീതിയിലേ അല്ല എല്ലാവരും പരിഗണിച്ചത്. സിനിമയിലെ താരങ്ങളുടെയും രാജമൗലി സാറിന്റെയുമൊക്കെ എളിമ എടുത്തുപറയേണ്ടതാണ്. യാതൊരുവിധ താരജാഡകളുമില്ലാതെയാണ് എല്ലാവരും പെരുമാറിയത്.
ബാഹുബലി കരിയറിലെ വഴിത്തിരിവായോ?
തീർച്ചയായും. ബാഹുബലിയ്ക്ക് ശേഷം തെലുങ്ക് സിനിമകളിൽ സജീവമാകാൻ സാധിച്ചു. ഈ അടുത്ത് കാലത്ത്, എംജി സർ (എം.ജി ശ്രീകുമാർ) സംഗീത സംവിധാനം ചെയ്ത് പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലും മോഹൻലാൽ അഭിനയിച്ച തെലുങ്ക് സിനിമ വിസ്മയ തുടങ്ങിയവയിൽ ഞാൻ പാടിയിട്ടുണ്ട്. മലയാളത്തിൽ ഇപ്പോൾ കൂടുതൽ അവസരങ്ങൾ വരുന്നുണ്ട്.
കുടുംബത്തിന്റെ പിന്തുണ എത്രമാത്രമുണ്ട്?
ഭർത്താവിന്റെ പേര് അർജ്ജുനെന്നാണ്. എന്റെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് വിവാഹം ചെയ്തത്. അതുകൊണ്ട് എല്ലാ രീതിയിലും ഭർത്താവിന്റെ പിന്തുണയുണ്ട്. ഭർത്താവിന്റെ കുടുംബവും എന്റെ കുടുംബവും പാട്ടിനെ ഏറെ സ്നേഹിക്കുന്നവരാണ്, വളരെ വലിയ പിന്തുണയാണ് ഇരുകുടുംബങ്ങളിൽ നിന്നും കിട്ടുന്നത്.