മലയാളചിത്രമായ പ്രേമത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സായി പല്ലവി ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ്. താരം അഭിനയിച്ച തെലുങ്ക് തമിഴ് ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റാണെന്നത് സായിയുടെ താരമൂല്യം വർധിപ്പിക്കുന്നു. തെലുങ്കിൽ ഏറ്റവുമൊടുവിലായി സായി അഭിനയിച്ച എം.സി.എ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ വിഡിയോ ഗാനങ്ങളിൽ തകർപ്പൻ നൃത്തമാണ് താരം നടത്തിയിരിക്കുന്നത്.
മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഇൗ ചിത്രത്തിൽ നാനി ആയിരുന്നു നായകൻ. ബോക്സ് ഒാഫിസിൽ വമ്പൻ ഹിറ്റായ സിനിമയിലെ വിഡിയോ ഗാനങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. പ്രേമത്തിലെ നൃത്തരംഗം സായി പല്ലവിക്ക് നൽകിയ പ്രശസ്തി ചെറുതല്ല. അതുപോലെ തന്നെ അല്ലെങ്കിൽ അതിനെക്കാൾ മികച്ച പ്രകടനമാണ് സായി ഇൗ ചിത്രത്തിലെ ഗാനരംഗങ്ങളിൽ നടത്തിയിരിക്കുന്നത്.
ദേവീശ്രീ പ്രസാദ് ഇൗണമിട്ട അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിൽ മൂന്നിലും സായിയുടെ നൃത്തവുമുണ്ട്. വെസ്റ്റേൺ ക്ലാസിക്കൽ ശൈലികളിലുള്ള നൃത്തം തെലുങ്ക് ആരാധകർക്കിരടയിൽ തരംഗമായിരുന്നു. വിഡിയോ ഗാനങ്ങളുടെ മുഴുവൻ പതിപ്പും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.