പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായി നിർമ്മിക്കുന്ന സ്വച്ഛ് ഭാരത് ഗാനത്തിന് ശബ്ദം നൽകുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡൂൽക്കർ. സച്ചിൻ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സ്വച്ഛ് ഭാരത് ഗാനം ആലപിക്കുന്ന വാർത്തകൾ പുറത്തുവിട്ടത്. സംഗീതസംവിധായകരുടേയും ഗാനരചയിതാവിന്റേയും കൂടെ നിൽക്കുന്ന ചിത്രവും സച്ചിൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ശങ്കർ എഹ്‌സാൻ ലോയ് ഈണം പകരുന്ന ഗാനം സച്ചിനും ശങ്കർ മഹാദേവനും ചേർന്നാണ് ആലപിക്കുക. പ്രസൂൺ ജോഷിയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രസിദ്ധ നിർമ്മാതാവ് മുകേഷ് ഭട്ടാണ് ഗാനം നിർമ്മിക്കുന്നത്.
സച്ചിനെപ്പോലെ സ്വീകാര്യനായ താരത്തെക്കൊണ്ട് ഗാനം ആലപിപ്പിച്ചാൽ സ്വച്ഛ് ഭാരത് അഭിയാനിന് സാധാരണ ജനങ്ങളുടെ ഇടയിൽ കൂടുതൽ വേരോട്ടം ഉണ്ടാകുമെന്നാണ് കേന്ദ്രഗ്രാമ വികസന മന്ത്രാലയം കണക്കുകൂട്ടുന്നത്. മഹാത്മ ഗാന്ധിയുടെ ജന്മദിനവും സ്വച്ച്ഭാരതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതുമായ ഓക്ടോബർ 2ന് ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കുമെന്നാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൽ നിന്നുള്ള വാർത്തകൾ.