മാധ്യമങ്ങൾക്കായി വിധിപ്പകർപ്പ് പിആർഒ ഓഫിസിൽ ലഭ്യമാക്കണം: ഹൈക്കോടതി

കൊച്ചി ∙ ജഡ്ജിമാർ ഒപ്പിട്ട ഹൈക്കോടതി വിധിന്യായങ്ങളുടെയും ഇടക്കാല ഉത്തരവുകളുടെയും പകർപ്പ് മാധ്യമ പ്രവർത്തകർക്കു പരിശോധിക്കാൻ പിആർഒ ഓഫിസിൽ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഫുൾബെഞ്ച്.

മാധ്യമ–അഭിഭാഷക തർക്കത്തെ തുടർന്നു കോടതി സ്വമേധയാ എടുത്ത കേസും മാധ്യമ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളും പരിഗണിച്ചാണു ഫുൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കക്ഷികൾക്കു നോട്ടിസ് നൽകി, വിശദീകരണത്തിനു സാവകാശം അനുവദിച്ചുകൊണ്ട് കേസ് ജനുവരി 11–ലേക്കു മാറ്റി.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നു 2016 ജൂലൈ 19 മുതൽ വാർത്താ ശേഖരണം പ്രതിസന്ധിയിലാണ്. താൽക്കാലികമായി പൂട്ടിയ മീഡിയാ റൂം ഇപ്പോഴും അടഞ്ഞുകിടക്കുന്നു.

ജഡ്ജിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകളിൽ നിന്നു വിധിന്യായങ്ങളും ഉത്തരവുകളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകർക്കു നിഷേധിക്കുകയും ചെയ്തു.

കോടതി റിപ്പോർട്ടിങ്ങിനുള്ള അക്രഡിറ്റേഷനു നിയമബിരുദം നിർബന്ധമാക്കി ഹൈക്കോടതി നടപടികളും തുടങ്ങി. ഇതിനിടെയാണ്, ഈ വിഷയത്തിലെ ഒരുകൂട്ടം ഹർജികൾ പരിഗണിച്ച ഫുൾബെഞ്ച് ഇത്തരമൊരു സജ്ജീകരണത്തിനു നിർദേശിച്ചത്.