തിരുവനന്തപുരം∙ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ അവിടെ എന്തു നടക്കുന്നുവെന്നു ജനങ്ങളെ അറിയിക്കുന്ന സാമൂഹിക ധർമമാണു മാധ്യമ പ്രവർത്തകർ നിർവഹിക്കുന്നതെന്നും അതിനെ തടസ്സപ്പെടുത്തുന്നതു ജനാധിപത്യസംവിധാനത്തിനു നാണക്കേടാണെന്നും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം സംഘടിപ്പിച്ച പി.വിശ്വംഭരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി നടപടി റിപ്പോർട്ട് ചെയ്യാൻ നിയമ ബിരുദം വേണമെന്ന നീരിക്ഷണം ഖേദകരമാണ്. തങ്ങളുടെ റിപ്പോർട്ടർമാരുടെ യോഗ്യത തീരുമാനിക്കാനുള്ള അധികാരം അതതു മാധ്യമ മേധാവികൾക്കു തന്നെയാണ്. കോടതിയുടെ പാത പിന്തുടർന്നാൽ നിയമസഭ റിപ്പോർട്ട് ചെയ്യുന്നയാൾ എംഎൽഎയും പാർലമെന്റ് റിപ്പോർട്ട് ചെയ്യേണ്ടയാൾ എംപിയും കൂടിയായി മാറേണ്ടി വരും. മാധ്യമ പ്രവർത്തകർക്കു കോടതി നടപടികൾ തടസ്സം കൂടാതെ റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കേണ്ടതു നീതിനിർവഹണ സംവിധാനങ്ങളുടെയും ന്യായാധിപൻമാരുടെയും ബാധ്യതയാണ്.
എന്നാൽ കോടതി നടപടികളും മറ്റും ജനങ്ങളെയും സമൂഹത്തെയും അറിയിക്കരുതെന്ന് ആർക്കൊക്കയോ വാശി ഉള്ളതുപോലെ തോന്നുന്നു. ഇക്കൂട്ടരുടെ നടപടികൾ ജനാധിപത്യസംവിധാനത്തിനു നാണക്കേടാണ്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ ഗവർണർ പി.സദാശിവം വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചതായി കണ്ടു. ഇക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയിലെ ഉന്നതർ ഇടപെട്ട് മാധ്യമ പ്രവർത്തകർക്കു സുഗമമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കേണ്ടതാണ്. അതിന് ഇനിയും വൈകുന്നത് ഈ സംവിധാനത്തിനു തന്നെ കളങ്കമാണെന്നും വിഎസ് പറഞ്ഞു.