കോടതികളിലെ മാധ്യമവിലക്ക്: ഹൈക്കോടതിയിലേക്ക് ഇന്ന് ട്രേഡ് യൂണിയൻ മാർച്ച്

കൊച്ചി ∙ ഹൈക്കോടതിയിലും ജില്ലാ കോടതികളിലും നിലനിൽക്കുന്ന മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഇന്നു ഹൈക്കോടതിയിലേക്കു മാർച്ച് നടത്തും.

സംയുക്ത ട്രേഡ് യൂണിയനിൽ 19 തൊഴിലാളി സംഘടനകൾ അംഗങ്ങളാണ്. പത്രപ്രവർത്തക യൂണിയൻ, ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ എന്നിവയും മാർച്ചിൽ പങ്കെടുക്കും. രാവിലെ പത്തിനു മേനകാ ജംക്‌ഷനിൽ നിന്നു മാർച്ച് ആരംഭിക്കും.

വിവിധ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. രാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി എന്നിവർ ആവശ്യപ്പെട്ടിട്ടും മാധ്യമ വിലക്കിന് അവസാനമുണ്ടായിട്ടില്ലെന്നു സംയുക്ത സമിതി കുറ്റപ്പെടുത്തി.

തൊഴിലിടത്തെ ഭീഷണി അവസാനിപ്പിക്കുക, തൊഴിൽ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സംയുക്ത സമര സമിതിയുടെ മാർച്ച്.