സ്വാശ്രയ മെഡിക്കൽ കോളജിലെ മറ്റു ഫീസ്: ഉത്തരവ് വൈകും

തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ട്യൂഷൻ ഫീസ് ഒഴികെയുള്ള ഫീസുകൾ നിശ്ചയിച്ചു കൊണ്ടുള്ള ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ് ഏതാനും ദിവസം കൂടി വൈകും. ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് അധിക ഫീസ് വാങ്ങിയാലും അടുത്ത വർഷത്തെ ഫീസിൽ ഇളവ് ചെയ്തു കൊടുക്കണമെന്ന നിർദേശവും നല്‍കും. 

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് സംബന്ധിച്ച ഉത്തരവ് ഈയാഴ്ചയും സ്വാശ്രയ ഡെന്റൽ കോളജുകളിലേത് അടുത്തയാഴ്ചയും ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ഓരോ കോളജിനും പ്രത്യേകം ഫീസ് നിശ്ചയിക്കേണ്ടതിനാലാണു വൈകുന്നത്. കഴിഞ്ഞ അക്കാദമിക് വർഷത്തെയും ഈ അക്കാദമിക് വർഷത്തെയും ഫീസ് തീരുമാനിക്കുന്നുണ്ട്. 

സ്പെഷൽ ഫീ, അഡ്മിഷൻ ഫീ, യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീ, യൂണിവേഴ്സിറ്റി സ്പെഷൽ ഫീ, മെഡിക്കൽ കൗൺസിൽ അഫിലിയേഷൻ ഫീ, അക്കാദമിക് കലണ്ടർ ഫീ, ഐഡന്റിറ്റി കാർഡ് ഫീ, ലൈബ്രറി ഫീ, ലാബ് ഫീ, പരീക്ഷാ നടത്തിപ്പു ചെലവ്, ഹോസ്റ്റൽ ഫീ, മെസ് ഫീ എന്നിങ്ങനെ വിവിധതരം ഫീസുകള്‍ ഈടാക്കുന്നുണ്ട്. ഇതിൽ സർവകലാശാല നിശ്ചയിച്ച ഫീസുകളിലും മെസ് ഫീസിലും കമ്മിറ്റി ഇടപെടില്ല. 

പരീക്ഷാ നടത്തിപ്പു ഫീസ് (ഹോട്ടല്‍നിരക്ക് സഹിതം) 

മാനേജ്മെന്റുകള്‍ ഈടാക്കുന്ന വിവിധ ഫീസുകളുടെ ഉള്ളടക്കം കൗതുകകരം. പരീക്ഷാ നടത്തിപ്പിനു പുറത്തു നിന്നെത്തുന്നവരുടെ ഹോട്ടൽ താമസവും മറ്റു ചെലവുകളും കോളജുകൾ വഹിക്കണം. ചിലർ പണവും ചോദിക്കും. പണവും സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ വിദ്യാർഥികളെ തോൽപ്പിക്കുന്ന സാഹചര്യമാണെന്നു രാജേന്ദ്രബാബു കമ്മിറ്റി മുൻപാകെ മാനേജ്മെന്റുകൾ പരാതിപ്പെട്ടു. ഇതിനെല്ലാമായിട്ടാണു പരീക്ഷാ നടത്തിപ്പു ചെലവ് വാങ്ങുന്നത്. മെഡിക്കൽ കൗൺസിൽ അംഗീകാരം സംഘടിപ്പിക്കാനുള്ള പണച്ചെലവും വിശദീകരിച്ചു.