അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം തുടരും

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് അഞ്ചു വർഷത്തെ കരാർ നിയമനം നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും നിലവിലെ രീതിയിൽ തന്നെ നിയമനം നടത്താൻ സർവകലാശാലകൾ നടപടി തുടങ്ങിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം യുജിസി അനുവദിച്ച ടെന്യുർ ട്രാക്ക് സംവിധാനത്തിൽ ആധുനിക വിഷയങ്ങളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ അനുവദിക്കണമെന്നു സർക്കാരുമായി നടത്തിയ ചർച്ചകളിൽ സർവകലാശാലകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നയ തീരുമാനം ആയതിനാൽ ഉന്നത തലത്തിൽ ചർച്ച ചെയ്ത് അനുമതി ലഭിക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഇതു നടപ്പാക്കാനാവൂ. അത്തരമൊരു തീരുമാനം സർക്കാർ ഇതുവരെ എടുത്തിട്ടില്ല. കോളജുകൾക്കു ടെന്യൂർ ട്രാക്ക് സംവിധാനം അനുവദിക്കണോ എന്ന കാര്യത്തിലും സർക്കാർ നയ തീരുമാനം എടുത്തിട്ടില്ല. 

ടെന്യൂർ ട്രാക്ക് രീതിയിൽ തുടങ്ങുന്ന ആധുനിക കോഴ്സുകൾക്ക് അഞ്ചു വർഷത്തേക്ക് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാകും. സർവകലാശാലകൾക്കു നാക് അക്രഡിറ്റേഷനും എൻഐആർഎഫ് റാങ്കിങ്ങും അനുവദിക്കുന്ന സമയത്ത് ടെന്യുർ ട്രാക്ക് സംവിധാനം അനുസരിച്ചു നിയമിച്ച അധ്യാപകരെയും സ്ഥിരം ഫാക്കൽറ്റിയായി അംഗീകരിക്കും.മറ്റു പല സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കിയിട്ടുണ്ട്.സർവകലാശാലകൾക്ക് അംഗീകാരം നേടുന്നതിന് ഇത് ആവശ്യമായതിനാലാണ് അവർ ഇത്തരമൊരു നിർദേശം സർക്കാരിനു മുന്നിൽ വച്ചത്. ഇത് ആലോചനാ ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.