അലവൻസും ഇപിഎഫും

Q ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്കു നൽകിവരുന്ന അടിസ്ഥാന വേതനത്തിന്മേലും ക്ഷാമബത്തയിന്മേലും മാത്രമാണ് ഇപിഎഫ് വിഹിതം അടച്ചുവരുന്നത്. എന്നാൽ ഈയിടെ ഞങ്ങളുടെ സഥാപനത്തിൽ പരിശോധന നടത്തിയ ഇൻസ്പെക്ടർ യാത്രാബത്ത, യൂണിഫോം ബത്ത എന്നീ ഇനങ്ങളിൽ ഞങ്ങൾ ജീവനക്കാർക്കു നൽകിവരുന്ന അലവൻസുകളിന്മേലും കോൺട്രിബ്യൂഷൻ അടയ്ക്കണമെന്നു നിർദേശിച്ചിരിക്കുകയാണ്. നിയമവശം എന്താണ്?

A ഇപിഎഫ് നിയമത്തിലെ വകുപ്പ് 6 അനുസരിച്ച്, ബേസിക് വേജസ്, ഡിയർനെസ്സ് അലവൻസ്, റീറ്റെയിനിങ് അലവൻസ് എന്നീ ഇനങ്ങളിന്മേൽ മാത്രമേ വിഹിതമടയ്ക്കേണ്ടതുള്ളൂ. (ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് നൽകുന്ന ബത്തയാണ് ക്ഷാമബത്ത. എന്തെങ്കിലും ഒരു കാരണംകൊണ്ട് ഒരു സ്ഥാപനത്തിലെ തൊഴിലാളികൾക്ക് കുറച്ചുകാലത്തേക്കു ജോലി നൽകാൻ കഴിയാതെ വന്നാൽ ആ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കി അവരെ സ്ഥാപനത്തിൽ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ നൽകുന്ന അലവൻസാണ് റീറ്റെയിനിങ് അലവൻസ്).

വകുപ്പ് 2(ബി)യിൽ അടിസ്ഥാന വേതനത്തിന് നൽകിയിരിക്കുന്ന നിർവചനമനുസരിച്ച് ഒരു തൊഴിലാളി ജോലിയിലായിരിക്കുമ്പോഴോ, ശമ്പളത്തോടുകൂടിയ അവധിയിലായിരിക്കുമ്പോഴോ മുടക്കിലായിരിക്കുമ്പോഴോ, തൊഴിൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം അയാൾക്ക് ലഭിക്കുന്ന എല്ലാ പ്രതിഫലവും അടിസ്ഥാന വേതനത്തിന്റെ പരിധിയിൽ ഉൾപ്പെടും. എന്നാൽ, ക്ഷാമബത്ത, എച്ച്ആർഎ, ഓവർടൈം അലവൻസ്, ബോണസ്, കമ്മിഷൻ, സമാനമായ മറ്റ് ബത്തകൾ എന്നിവ ബേസിക് വേജസിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

വകുപ്പ് 2(ബി)യിൽ നിന്നും ക്ഷാമബത്ത ഒഴിവാക്കിയിട്ടുണ്ടെങ്കിലും വകുപ്പ് 6–ൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ക്ഷാമബത്തയിന്മേൽ ഇപിഎഫ് വിഹിതം അടയ്ക്കേണ്ടതുണ്ട്. അതിനാൽ അടിസ്ഥാന വേതനം, ക്ഷാമബത്ത എന്നിവയിന്മേൽ മാത്രമാണ് സ്ഥാപനങ്ങൾ പൊതുവെ വിഹിതം അടച്ചുവന്നിരുന്നത്. 

എന്നാൽ അടിസ്ഥാന വേതനം എന്ന പദത്തിന് നൽകിയിട്ടുള്ള നിർവചനത്തിൽ വ്യക്തമായി ഒഴിവാക്കിയിട്ടുള്ള ബത്തകൾ ഒഴികെയുള്ള എല്ലാ ബത്തകളിന്മേലും വിഹിതം അടയ്ക്കേണ്ടതുണ്ട് എന്ന നിലപാടാണ് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞ 8–10 വർഷമായി കൈക്കൊണ്ടുവരുന്നത്. ഇക്കാര്യത്തിൽ വിവിധ കോടതികളുടെ വിധികളും പരസ്പര വിരുദ്ധമാണ്. ഡൽഹി, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതികളുടെ വിധികളനുസരിച്ച് അടിസ്ഥാന വേതനത്തിന്മേലും ക്ഷാമബത്തയിന്മേലും മാത്രം വിഹിതമടച്ചാൽ മതി. എന്നാൽ ചെന്നൈ ഹൈക്കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും ഇപിഎഫ് ഓർഗനൈസേഷന്റെ നിലപാട് ശരിവയ്ക്കുകയുണ്ടായി. ഇപ്പോൾ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.