Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ: സ്റ്റേ ആവശ്യപ്പെട്ട് ഇപിഎഫ്ഒ സുപ്രീം കോടതിയിൽ

EPFO

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയുടെ പിഎഫ് വിധി സ്റ്റേ ചെയ്യണമെന്നാവ‌ശ്യപ്പെട്ട് ഇപിഎഫ്ഒ സുപ്രീം കോടതിയെ സമീപിച്ചു. 

ജീവനക്കാരെ 15,000 രൂപയിൽ കുറവു ശമ്പളമുള്ളവരെന്നും കൂടുതൽ ശമ്പളമുള്ളവരെന്നും തരംതിരിക്കുന്നതിൽ ഭരണഘടനാലംഘനമില്ലെന്നു പരാതിയിൽ പറയുന്നു. 

വിരമിച്ച ജീവനക്കാരെ നിശ്ചിത തീയതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിൽ വിവേചനമുണ്ടെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിൽ പിഴവുണ്ട്. 1952 ലെ പ്രോവിഡന്റ് ഫണ്ട് നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിധേയമല്ലെന്നു കണ്ടെത്തിയതു ശരിയ‌ല്ലെന്നും ഇപിഎഫ്ഒ പറയുന്നു. 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2014 സെപ്റ്റംബർ ഒന്നിനു നടപ്പാക്കിയ ഭേദഗതി വ്യവസ്ഥകളാണു ഹൈക്കോടതി ഈയിടെ റദ്ദാക്കിയത്. 

പൂർണശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചാൽ തൊഴിലാളികൾക്ക് ഉയർന്ന പിഎഫ് പെൻഷന് അർഹതയുണ്ടെന്നും താൽപര്യമുള്ളവർക്ക് ഇതിനായി കൂടിയ വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകാവുന്നതാണെന്നു‌മായിരുന്നു വിധി. ഓപ്ഷൻ നൽകുന്നതിനു സമയപരിധി പാടില്ല. 

പെൻ‌ഷൻ കണക്കാക്കുന്നതിന് ആധാരമാക്കുന്ന ശമ്പളം, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശരാശരിയായി നിശ്ചയിച്ചതു റദ്ദാക്കിയ കോടതി, മുൻപുണ്ടായിരുന്നതു പോലെ 12 മാസ ശരാശരി കണക്കാക്കണമെന്നും നിർദേശിച്ചു.