Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ പെൻഷൻ: ട്രസ്റ്റുകളെ പരിഗണിക്കാനാവില്ലെന്ന് ഇപിഎഫ്ഒ; കേസുകളിൽ കർക്കശ സമീപനം തുട‌രും

Employee Provident Fund - EPF

ന്യൂഡൽഹി∙ സ്ഥാപനങ്ങൾ നടത്തുന്ന ട്രസ്റ്റുകളിൽ പണം നിക്ഷേപിച്ചവരിൽ നിന്നു പെൻഷൻ ഫണ്ടിലേക്കു തുക വാങ്ങി കൂടുതൽ പെൻഷൻ നൽകുന്നതു നിയമപരമായും സാ‌മ്പത്തികമായും പ്രായോഗികമായും സ്വീകാര്യമല്ലെന്ന നിലപാടിലുറച്ച് ഇപിഎഫ്ഒ. ഇങ്ങനെ ചെയ്യുന്നതു ധനകാര്യസ്ഥാപനമെന്ന നിലയിൽ ഇപിഎഫ്ഒയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് തൊഴിൽ മ‌ന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതു സംബന്ധിച്ച ആയിരക്കണക്കിനു കേസുകളിൽ കർക്കശ സമീപനം തുട‌രുമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.

അധികൃതരുടെ പ്രധാന വാദങ്ങൾ 

∙ ഇപിഎഫിനെക്കാൾ മികച്ച സേവനം ഉറപ്പു നൽകിയാണു ട്രസ്റ്റുകൾ തൊഴിലാളികളിൽ നിന്നു തുക സ്വീകരിച്ചിരുന്നത്. ഈ തുക ഇപി‌എഫ്ഒയുടെ പക്കലില്ല.

∙ ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ട്രസ്റ്റുകൾക്കു ബാധകമല്ല. അതു‌കൊണ്ടാണു കോടതിയലക്ഷ്യക്കേസുകൾ തള്ളിപ്പോയത്.

∙ ഇപിഎഫ്ഒയുടെ പക്കലുള്ള പണം പെൻഷൻ അക്കൗണ്ടിലേക്കു വകമാറ്റാൻ ബുദ്ധിമുട്ടില്ല. എന്നാൽ, ട്രസ്റ്റുകളുടെ കാര്യത്തിൽ ‌സ്ഥിതി വ്യ‌ത്യസ്തം. മറ്റൊരു സ്ഥാപനത്തിൽ അടച്ച പണത്തിന്റെ ഉത്തരവാദിത്തം വർഷങ്ങൾക്കു ശേഷം ഇപിഎഫ്ഒ ഏറ്റെടുക്കണമെന്ന വാദം സ്വീകാര്യമല്ല.

∙ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനാളുകളാണ് ആവശ്യമുന്നയിക്കുന്നത്. കുറഞ്ഞ വിഭവശേഷി വച്ച് ഇതു നടപ്പാക്കുക അസാധ്യം.

വിരമിച്ചശേഷം പിഎഫ് തുക കൈപ്പറ്റിയവർ പെൻഷൻ ഫണ്ടിലേക്കു തുക തിരിച്ചടച്ച് ഉയർന്ന പെൻഷൻ നേടാനുള്ള നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനാവശ്യമായ സോഫ്ട്‌വെയറും പൂർണ തോതിൽ സജ്ജമായിട്ടില്ല.

ഇപിഎഫ് അംഗങ്ങളുടെയും വിരമിച്ചവരുടെയും 1995 മുതലുള്ള ശമ്പളത്തിന്റെ കണക്കുകൾ തൊഴിൽ സ്ഥാപനങ്ങൾ നൽകണമെന്ന് ഇപിഎഫ്ഒ ആവശ്യപ്പെട്ടിരുന്നു. പിഎഫ് രേഖകളിൽ നിന്നു തുക കണക്കാക്കുന്നതു കാലതാമസമുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. 2010നു ശേഷമുള്ള കണക്കുകളാണ് ഇപിഎഫ്ഒ‌ കംപ്യൂട്ടറുകളിലുള്ളത്.