ന്യൂഡൽഹി∙ കോടതിവിധിയനുസരിച്ച് ഇപിഎഫ് പെൻഷൻ വിതരണം ചെയ്യാൻ പോംവഴി കേന്ദ്രവിഹിതം വർധിപ്പിക്കൽ. 1971 മുതൽ 1.16% മാത്രമാണ് ഇപിഎഫിലെ കേന്ദ്രവിഹിതം. പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ നിശ്ചയിച്ച വിഹിതം വർധിപ്പിക്കണമെന്നു ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
1995 ൽ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം 8.33 ൽ നിന്നു 12 ശതമാനമാക്കിയെങ്കിലും കേന്ദ്രവിഹിതത്തിൽ മാറ്റമുണ്ടായില്ല. അധികബാധ്യത താങ്ങാനാവാത്തതു കൊണ്ടു കേരള ഹൈക്കോടതിയുടെ പിഎഫ് വിധി നടപ്പാക്കാൻ കഴിയില്ലെന്നാണു കേന്ദ്രത്തിന്റെ വാദം.
സുപ്രീം കോടതിയിൽ അപ്പീൽ നൽകുമ്പോഴും നിലപാട് ഇതായിരിക്കുമെന്നാണു സൂചന. കേരള ഹൈക്കോടതി വിധിക്കു ശേഷം തങ്ങളുടെ പക്കലുള്ള വിവിധ കേസുകൾ പരിഗണിക്കാമെന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.
ഇപിഎഫ് പെൻഷൻകാരുടെ അവകാശങ്ങൾ അംഗീകരിച്ചു കൊണ്ടു കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി, തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാങ്‌വാറിനു നിവേദനം നൽകി. കമ്മിറ്റിയുടെ കാലാവധി നീട്ടി പെൻഷൻകാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു നിയോഗിച്ച ഹീരാലാൽ സമര്യ കമ്മിറ്റിയുടെ കാലാവധി സർക്കാർ ജനുവരി 4 വരെ നീട്ടി. പാർലമെന്റിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റി രൂപീകരിച്ചത്.