Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈവശമുള്ളത് എട്ടു ലക്ഷം കോടി രൂപ; അധിക പെൻഷൻ ഇപിഎഫ്ഒയ്ക്കു ബാധ്യതയാവില്ല

Employee Provident Fund - EPF

ന്യൂഡൽഹി∙ ഇപിഎഫ്ഒയുടെ സഞ്ചിതനിധി നിലവിൽ 8 ലക്ഷം കോടി രൂപ. ഫണ്ടിൽ അവകാശികളില്ലാതെ കിടക്കുന്നതു തന്നെ 45,000 കോടിയോളം രൂപയാണ്. കോടതി ഉത്തരവനുസരിച്ച് പരിഷ്കരിച്ച പെൻഷൻ‍ നൽകുന്നതു സ്ഥാപനത്തിനു താങ്ങാനാവാത്ത ബാധ്യതയാവില്ല. പിഎഫ് നിക്ഷേപത്തിൽ കൂടുതൽ വിഹിതം പെൻഷൻ ഫണ്ടിലേയ്ക്കു മാറ്റി അധിക പെൻഷൻ നൽകുന്നതു ബാധ്യതയാകുന്നില്ല.

വിരമിച്ച ശേഷം പിഎഫ് പിൻവലിച്ചവർക്ക് കൂടുതൽ പെൻഷൻ നൽകുന്ന‌താകട്ടെ, പെൻഷൻ നിധിയിലേയ്ക്കു നിശ്ചിത തുക തിരിച്ചുവാങ്ങിയ ശേഷവും. 8,000 കോടിയോളം രൂപയാണ് ഇപിഎഫ്ഒ ഇപ്പോൾ വിതരണം ചെയ്യുന്ന പ്രതിവർഷ പെൻഷൻ. കഴിഞ്ഞ വർഷം ഒക്ടോബർ വരെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) നിക്ഷേപിച്ചത് 9723 കോടി രൂപയാണ്. ഇതിന് 9.17% വരുമാന നേട്ടവുമുണ്ടായി.

ഓഹരിനിക്ഷേപം വൻ തോതിൽ വർധിപ്പിക്കാൻ തീ‌രുമാനമായിട്ടുമുണ്ട്. ഫണ്ടിന്റെ സുരക്ഷിതത്വം മുൻനിർത്തി സെൻസെക്സ്, നിഫ്റ്റി സൂചികകളുടെ ഇടിഎഫിൽ മാത്രമാണ് ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നത്. ഇടിഎഫ് വഴിയുള്ള നേട്ടം മറ്റു നിക്ഷേപങ്ങളിൽ നിന്നുള്ളതിനേക്കാൾ കൂടുതലാണ്.

സാധാരണക്കാരനു വേണ്ടത് കമ്യൂട്ടേഷൻ, ആശ്രിത ആനുകൂല്യം

സാധാരണ തൊഴിലാളികളുടെ രണ്ടു പ്രധാന ആനുകൂല്യങ്ങൾ രണ്ടാം യുപിഎ സർക്കാർ എടുത്തുകളഞ്ഞിരുന്നു: നിബന്ധനകൾക്കു വിധേയമായി പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ നൂറിരട്ടി വരെ ഒന്നിച്ചു വാങ്ങാനും ബാക്കി പെൻഷനായി വാങ്ങാനുമുള്ള കമ്യൂട്ടേഷൻ ആനു‌കൂല്യം.

അംഗം മരിച്ചാൽ ആശ്രിതർക്കു പെൻഷൻ തുകയുടെ നൂറിരട്ടി ലഭിക്കുന്ന ആശ്രിത ആനുകൂല്യം എന്നിവ. എൻ. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പാർലമെന്റിൽ മാസങ്ങൾ നീണ്ട സ്വകാര്യപ്രമേയ ചർച്ചയ്ക്കു ശേഷം, ഇവ പുനഃസ്ഥാപിക്കുമെന്ന ഉറപ്പു മന്ത്രി ന‌ൽകിയിരുന്നു. എന്നാൽ, പിഎഫ് പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കപ്പെട്ട ഹീരാലാൽ സമര്യ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.