Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപിഎഫ്: കൈകാര്യച്ചെലവ് ഒഴിവാകുന്നത് അധിക നേട്ടം

x-default

കണ്ണൂർ‌∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ സംബന്ധിച്ചു കേരള, ആന്ധ്ര ഹൈക്കോടതികളുടെ വിധി നടപ്പായാൽ ശമ്പളത്തിന് അനുസൃതമായി കൂടുതൽ പെൻഷൻ ലഭിക്കുന്നതോടൊപ്പം, പെൻഷൻ ഫണ്ടിലേക്കു ജീവനക്കാരുടെ വിഹിതത്തിൽ നിന്ന് അധികമായി അടയ്ക്കേണ്ട തുകയും ഒഴിവാകും.

പിഎഫ് പെൻഷൻ ഫണ്ടിലേക്കു കേന്ദ്ര സർക്കാർ 1.16 ശതമാനം വിഹിതം നൽകുന്നുണ്ട്. എന്നാൽ, ശമ്പള പരിധിയായി നിശ്ചയിച്ച 15,000 രൂപയ്ക്കു മാത്രമേ ഈ വിഹിതം നൽകുകയുള്ളൂ. മാസം 15,000 രൂപയിൽ കൂടുതലുള്ള ശമ്പളത്തിന്റെ 1.16% ജീവനക്കാരനാണ് അടയ്ക്കുന്നത്. ഭൂരിപക്ഷവും 15,000 രൂപയ്ക്കു മേൽ ശമ്പളമുള്ളവരായതിനാൽ ഈ ഇനത്തിൽ വലിയ തുകയാണ് ഇപിഎഫ്ഒയ്ക്കു ലഭിച്ചുകൊണ്ടിരുന്നത്.

ജീവനക്കാരിൽ നിന്ന് അധികമായി ഈടാക്കുന്ന തുക തുച്ഛമാണെന്നു തോന്നുമെങ്കിലും ആകെ സർവീസ് കാലയളവ് പരിഗണിക്കുമ്പോൾ വലിയ തുക വരും. ഉദാഹരണത്തിന്, 50,000 ശമ്പളമുള്ളയാൾ വർഷം അടയ്ക്കേണ്ട തുക 5000 രൂപയോളം വരും. ശമ്പളം കൂടുമ്പോൾ തുകയും കൂടും. അടച്ച തുക വരിക്കാരനു തിരിച്ചുകിട്ടില്ല. പലിശയും ലഭിക്കില്ല.

വരിക്കാരിൽ നിന്ന് അധികവിഹിതം ഈടാക്കാൻ 1952ലെ ഇപിഎഫ് നിയമത്തിൽ വ്യവസ്ഥയില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. വിധി അംഗീകരിച്ച് ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയാൽ ജീവനക്കാരന്റെ പിഎഫ് വിഹിതത്തിൽ നിന്നു കുറയ്ക്കുന്ന ഈ തുക തിരികെ ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിൽ വകവയ്ക്കേണ്ടിവരും. വിജ്ഞാപനത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും.