ന്യൂഡൽഹി∙ റെയിൽവേ, ബാങ്കിങ്, ഷിപ്പിങ് എന്നിവയുൾപ്പെടെ പിഎഫ് നിയമത്തിനു (1925) കീഴിലുള്ള പ്രധാന പിഎഫ് പദ്ധതികളെല്ലാം ഇപിഎഫ്ഒയുടെ നിയന്ത്രണത്തിലേക്ക്. ഇതോടെ, ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്ന തുക ഇരട്ടിയാകും; ഓഹരിവിപണിയിൽ ഇപിഎഫ്ഒ നടത്തുന്ന നിക്ഷേപവും ഗണ്യമായി ഉയരും. 15% ഓഹരി നിക്ഷേപമെന്ന നയമാണു നിലവിലുള്ളത്.
ഇപ്പോൾ പ്രോവിഡന്റ് ഫണ്ട് സംഘടന കൈകാര്യം ചെയ്യുന്നതു 10 ലക്ഷം കോടിയോളം രൂപയാണ്. പുതുതായി ഉൾപ്പെടുത്തുന്ന ഫണ്ടുകൾ കൂടി ചേരുന്നതോടെ ഇത് 20 ലക്ഷം കോടിയാകും.
∙ പുതുതായി ചേരുന്ന ഫണ്ടുകൾ ഇപ്പോൾ 6–7% മാത്രം പലിശയുള്ള സ്‌ഥിരനിക്ഷേപങ്ങളാണ്. ഓഹരിവിപണിയിലെത്തുന്നതോടെ അവയ്ക്കും കൂടുതൽ വരുമാനമുണ്ടാക്കാം. എന്നാൽ, വിപണി നഷ്ടത്തിലായാൽ വരുമാനനഷ്ടമുണ്ടാകും.
∙ പിഎഫിന്റെ 15% വരെയാണ് ഇപ്പോൾ ഓഹരിയിൽ നിക്ഷേപിക്കുന്നത്. ഈ പരിധി ഒഴിവാക്കുന്നതും ആലോചനയിലുണ്ട്.
∙ വൈകാതെ ഓഹരിനിക്ഷേപ വിഹിതവും ജീവനക്കാരുടെ അക്കൗണ്ടും ബന്ധിപ്പിക്കും.
പുതുതായി ഇപിഎഫ്ഒയിലെത്തുന്ന പ്രോവിഡന്റ് ഫണ്ടുകൾ സ്റ്റേറ്റ് റെയിൽവേ, ഷിപ്പിങ്, കോൾ, ബാങ്കിങ്, ഓൾ ഇന്ത്യ സർവീസസ്, ദ് ഇന്ത്യൻ ഓർഡ്നൻസ്, ഇന്ത്യൻ നേവൽ ഡോക്‌യാഡ്, ഡിഫൻസ് സർവീസസ്, ആംഡ് ഫോഴ്സസ് പഴ്സനേൽ, യൂണിവേഴ്സിറ്റി, മുനിസിപ്പാലിറ്റീസ്. രാജ്യത്തിന്റെ സഞ്ചിതനിധിയിലേക്കു പോകുന്ന ജനറൽ പ്രോവിഡന്റ് ഫണ്ട് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇടിഎഫ് നിക്ഷേപം പിഎഫിൽനിന്ന് ഓഹരിവിപണിയിലേക്കു പണം മാറ്റുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) രീതി 2015 ഓഗസ്റ്റിലാണ് ആരംഭിച്ചത്. തുടക്കത്തിൽ അഞ്ചു ശതമാനമായിരുന്ന നിക്ഷേപം കഴിഞ്ഞ വർഷം 15 ശതമാനം വരെയാക്കി.