പല കാരണങ്ങളാലും രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണു തെലങ്കാനയിലേത്. നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുൾപ്പെട്ട മഹാകൂടമി സഖ്യവും തമ്മിലാണു പ്രധാന മൽസരം.
ബിജെപി, എഐഎംഐഎം, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് എന്നിവയും കളത്തിലുണ്ട്. 8 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എഐഎംഐഎം മറ്റു മണ്ഡലങ്ങളിൽ ടിആർഎസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പരീക്ഷണശാല
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപിവിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയാണു തെലങ്കാന. 119 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ടിആർഎസിനെതിരെയും ബിജെപിക്കെതിരെയും മികച്ച വിജയം നേടാനായാൽ കോൺഗ്രസ് സഖ്യത്തിനു കൂടുതൽ ആത്മവിശ്വാസത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കാനാകും. നിലവിൽ ഇടഞ്ഞു നിൽക്കുന്ന സിപിഎം ഉൾപ്പെടെയുള്ള കക്ഷികളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മൽസരിക്കുന്ന ഗജ്‍വൽ, മകൻ കെ.ടി.രാമറാവു മൽസരിക്കുന്ന സിർസില, കെസിആറിന്റെ വലംകൈ ടി.ഹരീഷ് റാവു മത്സരിക്കുന്ന സിദ്ദിപ്പേട്ട് തുടങ്ങിയവയാണ് ടിആർഎസിന്റെ അഭിമാന മണ്ഡലങ്ങൾ.
ടിപിസിസി പ്രസിഡന്റ് എൻ.ഉത്തംകുമാർ റെഡ്ഡിക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയ ശേഷമേ തന്റെ താടി വടിക്കൂ എന്ന് ഉത്തംകുമാർ റെഡ്ഡി പ്രതിജ്‍ഞയെടുത്തിട്ടുണ്ട്. ഹുസൂർനഗർ ആണ് റെഡ്ഡിയുടെ മണ്ഡലം.
ഇഞ്ചോടിഞ്ച്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.ലക്ഷ്മണൻ മത്സരിക്കുന്ന മുഷീറബാദിൽ കോൺഗ്രസിന്റെ എം.അനിൽകുമാർ യാദവിൽനിന്നു കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്.
തെലങ്കാന നിയമസഭ, രാജ്ഭവൻ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഖൈർതബാദ് മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ് എംഎൽഎ സി. രാമചന്ദ്രറെഡ്ഡിക്കു ടിആർഎസ് സ്ഥാനാർഥി ദാനം നാഗേന്ദർ കടുത്ത മൽസരമാണു നൽകുന്നത്. ഒരുകാലത്ത് കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ഇവിടം കഴിഞ്ഞ തവണയാണ് ബിജെപി പിടിച്ചെടുത്തത്.
മൂന്ന് ലക്ഷത്തോളം വോട്ടർമാരുള്ള ജൂബിലി ഹിൽസ് തെലങ്കാനയിലെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ്. ഇവിടെ ടിആർഎസിന്റെ എം.ഗോപിനാഥിന് കോൺഗ്രസിന്റെ വിഷ്ണുവർധൻ റെഡ്ഡി ശക്തമായ വെല്ലുവിളിയുയർത്തും.
ക്രിസ്ത്യൻ, മുസ്‍ലിം വോട്ടർമാർ കുടുതലുള്ള മണ്ഡലങ്ങളിലൊന്നാണു സെക്കന്തരാബാദ്. തെലങ്കാനയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ അഡ്ഡഗുട്ട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളുള്ള ഇവിടെ ടിആർഎസിന്റെ മുൻ മന്ത്രി ടി.പത്മറാവുവിനെ മുൾമുനയിൽ നിർത്തുന്നത് കോൺഗ്രസിന്റെ കെ.ഗണേശ്വർ ആണ്. ഉപ്പൽ മണ്ഡലത്തിൽ ബിജെപിയുടെ എൻവിഎസ്എസ് പ്രഭാകറിനെതിരെ ടിആർഎസിന്റെ ബി.സുഭാഷ് റെഡ്ഡിയും അമ്പെർപേട്ടിൽ ബിജെപിയുടെ ജി.കിഷൻ റെഡ്ഡിക്കെതിരെ ടിആർഎസിന്റെ കെ.വെങ്കടേഷും ശക്തമായ പ്രതിരോധം തീർക്കുന്നു.
ഹൈടെക്സിറ്റി ഉൾപ്പെടുന്ന സെരിലിംഗംപള്ളിയിൽ ടിആർഎസിന്റെ അരികെപ്പുടി ഗാന്ധിക്കെതിരെ ടിഡിപിയുടെ ഭവ്യ ആനന്ദ പ്രസാദാണു കളത്തിൽ. എഐഎംഐഎമ്മിന്റെ ഉറച്ച കോട്ടയായ മലക്പേട്ടിൽ നിലവിലെ എംഎൽഎ അഹമ്മദ് ബിൻ അബ്ദുല്ല ബലാലയ്ക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നത് കോൺഗ്രസിന്റെ മുഹമ്മദ് മുസാഫർ അലിഖാൻ ആണ്.