അഞ്ചു പതിറ്റാണ്ടിലേറെ വാജ്‌പേയിയുടെ വലംകയ്യായിരുന്നു ശിവകുമാർ പാരിഖ്. സുപ്രീം കോടതിയിലെ അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണു ശിവകുമാർ വാജ്‌പേയിയുടെ സഹായിയായി ഒപ്പമെത്തിയത്. രാജസ്‌ഥാനിലെ ജയ്‌പുർ സ്വദേശിയായ ശിവകുമാർ ജനസംഘം പ്രവർത്തകനായിരുന്നു. ജനസംഘം സ്‌ഥാപക നേതാക്കളെല്ലാം അപമൃത്യുവിനിരയായതു ശിവകുമാറിന്റെ മനസ്സിനെ അലട്ടി. ശ്യാമപ്രസാദ് മുഖർജിയും ദീൻദയാൽ ഉപാധ്യായയും ഡോ.രഘുവീറും ദുരൂഹ സാഹചര്യങ്ങളിലാണു മരിച്ചത്.
ജനസംഘത്തിന്റെ നേതൃത്വമേറ്റെടുത്ത വാജ്‌പേയിയെ സന്ദർശിച്ച ശിവകുമാർ നേതാവിന്റെ സന്തത സഹചാരിയായി ജീവിക്കാനുള്ള ആഗ്രഹം അറിയിച്ചു. അഭിഭാഷക വൃത്തിയിലെ വരുമാനമൊക്കെ ഉപേക്ഷിച്ചു തന്റെയൊപ്പം വന്നാൽ കുടുംബം നോക്കുന്നതെങ്ങനെയെന്നു ചോദിച്ച് ഒഴിവാക്കാനാണ് വാജ്‌പേയി ആദ്യം ശ്രമിച്ചത്. രാജ്യമെങ്ങും തനിച്ചു യാത്ര ചെയ്യാൻ വാജ്‌പേയിയെ അനുവദിക്കില്ലെന്ന ശിവകുമാറിന്റെ പിടിവാശി ഒടുവിൽ വിജയിച്ചു. ഭാര്യയെയും മക്കളെയും ജയ്‌പുരിലേക്കു തിരിച്ചയച്ചു ശിവകുമാർ വാജ്‌പേയിയുടെ അംഗരക്ഷകനും സഹായിയുമായി. വാജ്‌പേയിയുമായുള്ള അടുപ്പം ശിവകുമാർ ഒരിക്കലും ദുരുപയോഗിച്ചില്ല. വാജ്‌പേയിയെ സേവിക്കാനാണു താൻ വന്നതെന്നും സ്‌ഥാനമാനങ്ങൾ തേടിയല്ലെന്നുമുള്ള വാക്ക് ശിവകുമാർ പാലിച്ചു.
ബിജെപിയുടെ പുതുയുഗ തിരഞ്ഞെടുപ്പു റാലികളിൽ നിന്നേറെ ഭിന്നമായിരുന്നു വാജ്‌പേയിയുടെ പൊതുയോഗങ്ങളെന്നു ശിവകുമാർ ഓർക്കുന്നു. വാജ്‌പേയിയുടെ ഓരോ വാക്കിനും കാതോർത്തു ജനം നിശ്ശബ്‌ദരായിരിക്കും. പാർലമെന്റിൽ പോലും തയാറെടുപ്പുകളൊന്നുമില്ലാതെയാണു വാജ്‌പേയിയുടെ പ്രസംഗം. നാവിൻതുമ്പിൽ കവിതകൾ പിറക്കുന്ന വാഗ്‌ദേവതാ പ്രസാദം. വാജ്‌പേയിയുടെ പ്രസംഗങ്ങൾ രാഷ്‌ട്രീയ കടമ്പകൾ കടന്നു കവിയരങ്ങുകളായും കഥാപ്രസംഗങ്ങളായും മാറുന്നതിനു ശിവകുമാർ നൂറായിരം തവണ സാക്ഷി. സദസ്സിന്റെ മനമറിഞ്ഞാകും വാജ്‌പേയി വിഷയങ്ങൾ കണ്ടെത്തുന്നത്. രാജാവും മന്ത്രിയുമൊക്കെ കഥാപാത്രങ്ങളാകുന്ന ഗുണപാഠ കഥകളിലൂടെയാണു വാജ്‌പേയി അണികളെ സമകാലിക രാഷ്‌ട്രീയം പഠിപ്പിച്ചത്.
പുരാണേതിഹാസങ്ങളും വേദങ്ങളുമൊക്കെ മനഃപാഠമാക്കിയ വാജ്‌പേയിയുടെ പ്രവചനങ്ങൾ പലതും യാഥാർഥ്യങ്ങളായി മാറിയതു ശിവകുമാർ കണ്ടറിഞ്ഞു. വരാനിരിക്കുന്ന കാലം വാജ്‌പേയി മനസ്സിൽ കണ്ടിരുന്നു. സാമ്പത്തിക രംഗത്തുണ്ടാകാനിരിക്കുന്ന മാറ്റങ്ങൾ പത്തിരുപതു വർഷം മുൻപുള്ള പ്രസംഗങ്ങളിൽ നാട്ടിൻപുറത്തുകാരനു മനസ്സിലാകുന്ന ഭാഷയിൽ ചൊല്ലിക്കൊടുത്തു. ‘ഇന്നു റൊക്കം നാളെ കടം’ എന്നു ശാഠ്യം പിടിക്കുന്ന ചില്ലറ വിൽപനക്കാരന്റെ സ്‌ഥാനത്തു ‘നാളത്തെ കടം ഇതാ പിടിച്ചോ’യെന്ന് അടിച്ചേൽപിക്കുന്ന മൊത്തക്കച്ചവടക്കാരൻ വരുമെന്നു വാജ്‌പേയി മുന്നറിയിപ്പു നൽകിയിരുന്നു. മാൾ സംസ്‌കാരവും ക്രെഡിറ്റ് കാർഡ് യുഗവും വാജ്‌പേയിയുടെ പ്രവചനങ്ങൾ യാഥാർഥ്യമാക്കി.
ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ ‘84ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗ്വാളിയർ മണ്ഡലത്തിൽ പരാജയപ്പെട്ട വാജ്‌പേയിക്കൊപ്പം ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ശിവകുമാർ നിരാശനായിരുന്നു. ബിജെപിക്ക് ആകെ കിട്ടിയതു രണ്ടു സീറ്റ്. റെയ്‌സിന റോഡിലെ വസതിയിൽ വാജ്‌പേയിയുടെ പ്രതികരണമെടുക്കാൻ മാധ്യമപ്പട. ബിജെപിയുടെ ഭാവിയെന്താകുമെന്നായിരുന്നു ആദ്യ ചോദ്യം. ഉജ്വല ഭാവിയാണു ബിജെപിക്കെന്ന വാജ്‌പേയിയുടെ മറുപടിയിൽ മാധ്യമപ്പട ഇളകിച്ചിരിച്ചു. വാജ്‌പേയിക്കാകട്ടെ കുലുക്കമില്ല. കോൺഗ്രസിന് ഇതിലുമുയരാനാകില്ലെന്നും ബിജെപിക്ക് ഇതിലും താഴാനാകില്ലെന്നും വാജ്‌പേയി ന്യായം നിരത്തി. വാജ്‌പേയിയുടെ പ്രവചനം എത്ര ശരിയായിരുന്നെന്നു ശിവകുമാർ.
വാജ്‌പേയി ഏറ്റവും ആക്രമണോൽസുകനായി പ്രചാരണത്തിനിറങ്ങിയത് ‘89ലെ തിരഞ്ഞെടുപ്പിലാണെന്നു ശിവകുമാർ ഓർക്കുന്നു. ബിജെപിയെ പരാജയത്തിന്റെ പടുകുഴിയിൽനിന്നു കരകയറ്റാനുള്ള തീവ്രശ്രമം. രാജീവ്‌ഗാന്ധി സർക്കാരിനെതിരെ പ്രതിപക്ഷം ബോഫോഴ്‌സ് പ്രയോഗിച്ചപ്പോൾ വാജ്‌പേയിയും തീതുപ്പി. ‘പഞ്ചായത്തുകൾ തോറും പാഞ്ചാലിമാർ അപമാനിതരാകുന്നു, കൃഷ്‌ണനില്ലെങ്കിലും കുരുക്ഷേത്രത്തിലേക്ക്’ വാജ്‌പേയി അണികളെ ആഹ്വാനം ചെയ്‌തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായി.
തനിക്കു പ്രധാനമന്ത്രി സ്‌ഥാനം നഷ്‌ടമായ 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലവും വാജ്‌പേയി രണ്ടാഴ്‌ച മുൻപു കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ശിവകുമാർ. ലക്‌നൗവിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു വാജ്‌പേയി ശിവകുമാറിനോടു മനസ്സു തുറന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണം ഫലിക്കില്ല. ബിജെപി അധികാരത്തിൽ നിന്നു പുറത്താകും. പ്രചാരണത്തിനു നേതൃത്വം കൊടുത്ത വാജ്‌പേയിക്കു ജനവികാരം മനസ്സിലായി. ബിജെപിയിൽ പലരും അപ്പോഴും മൂഢ സ്വർഗത്തിലായിരുന്നു. സർക്കാരിന്റെ കാലാവധി തീരാൻ ആറു മാസം അവശേഷിക്കുമ്പോഴേ തിരഞ്ഞെടുപ്പ് നടത്തിയതു തെറ്റായെന്നും വാജ്‌പേയി കരുതി. ജനങ്ങളെ ആകർഷിക്കാൻ ഇക്കാലയളവിൽ പലതും ചെയ്യാനാകുമായിരുന്നെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പു നേരത്തേ നടത്താനുള്ള തീരുമാനം വാജ്‌പേയിയുടേതായിരുന്നില്ല. പാർട്ടിയിലെ പൊതുതാൽപര്യത്തിന് അദ്ദേഹം വഴങ്ങിയെന്നു മാത്രം.
മാധ്യമങ്ങളിൽ അടൽ - അഡ്വാനി പോരെന്നൊക്കെ കഥകൾ നിറഞ്ഞിരുന്നെങ്കിലും ഇരുനേതാക്കളും തമ്മിലുള്ള വ്യക്‌തിബന്ധം ഊഷ്‌മളമായിരുന്നെന്നു ശിവകുമാർ അവകാശപ്പെടുന്നു. ഇരുവരും തമ്മിൽ ‘മതഭേദം’ (അഭിപ്രായ വ്യത്യാസം) ഉണ്ടായിരുന്നെങ്കിലും ‘മനഭേദം’ (മനപ്പൊരുത്തക്കേട്) ഇല്ലായിരുന്നു. രാജ്യത്തെ രാഷ്‌ട്രീയ ചരിത്രത്തിൽ ഇത്രയേറെ കാലം ഒരുമിച്ചു നിന്ന രണ്ടു നേതാക്കൾ ഉണ്ടായിട്ടില്ലെന്നാണ് ശിവകുമാറിന്റെ വാദം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം പ്രതിപക്ഷ നേതൃസ്‌ഥാനം എൽ.കെ.അഡ്വാനിക്കു നൽകിയത് പൂർണ മനസ്സോടെയായിരുന്നും ശിവകുമാർ ഒാർക്കുന്നു.