കുമരകം ∙ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ കുമരകം സന്ദർശനത്തിന് 18 വയസ്സ്. 2000 ഡിസംബർ 26ന് കുമരകത്ത് എത്തിയ വാജ്പേയി 2001 ജനുവരി ഒന്നിനാണു മടങ്ങിയത്. വാജ്പേയി വന്നതിന്റെ ഓർമകൾ കുമരകം സ്വദേശികളുടെ മനസ്സിൽ മായാതെയുണ്ട്.
ചിത്രങ്ങൾ കാണാം
ഇന്ത്യയുടെ തലസ്ഥാനം കുമരകമായ പ്രതീതിയായിരുന്നു അന്ന്. മൂന്നു സേനകളും ഇവിടെ തമ്പടിച്ചിരുന്നു. വാജ്പേയി വരുന്നതിന് ഒരു മാസം മുൻപേ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽവന്ന് ഇറങ്ങുന്നതിനു ഗവ. ഹൈസ്കൂൾ മൈതാനം തയാറാക്കിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്നു പ്രധാനമന്ത്രി ഇവിടെ ഇറങ്ങിയില്ല.
സന്ദർശനത്തിനു മുന്നോടിയായി റോഡിലെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചിരുന്നു. വാജ്പേയി താമസിച്ച താജ് ഹോട്ടലിനു ചുറ്റും കരസേനയുടെ കാവലുണ്ടായിരുന്നു. കായലിൽ നാവിക സേന സുരക്ഷ ഒരുക്കി. വ്യോമസേനയുടെ ഹെലികോപ്റ്റർ വട്ടമിട്ടു പറന്നതു നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി..
പ്രധാനമന്ത്രിയെ കാണാൻ അന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് അവസരം നൽകിയിരുന്നു. വാജ്പേയി പുതുവൽസരപ്പിറവി ആഘോഷിച്ചു തിരികെ പോകുമ്പോൾ കുമരകം പാക്കേജും പ്രഖ്യാപിച്ചു.