വാജ്പേയി കവിതകൾ

‘നല്ല കവിതകളെ സ്നേഹിക്കുന്നവർ ഒരു നല്ല രാഷ്ട്രീയകാരനായിരിക്കും, അയാൾക്കു മാനുഷിക ദുഃഖങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ കഴിയില്ല’.കവിതയെഴുതുകയും കവിതകളെ സ്നേഹിക്കുകയും ചെയ്തിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ മന്ത്രമായിരുന്നു ഇത്. കവിതയ്ക്കു പൗരനിലെ സാമൂഹികബോധം ഉണർത്താൻ കഴിയുമെന്ന് അദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമെല്ലാം കോർത്തിണക്കി അദേഹം കവിതകൾ എഴുതി. മതവും അനുഷ്ഠാനവുമെല്ലാം ആ കവിതകളിൽ കടന്നുവന്നു. രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞ വാജ്പേയി ഒരു നല്ല ഭരണകർത്താവായതിനു പിന്നിലും കവിത തുളുമ്പുന്ന ഈ മനസ്സായിരിക്കാം.

വാജ്പേയിയുടെ കവിതകളുടെ സിഡി ലത മങ്കേഷ്കറിന്റെയും അമിതാഭ് ബച്ചന്റെയും ശബ്ദത്തിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയിട്ടുണ്ട്. ഈ കവിതകളുടെ റോയൽറ്റി അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ട്രസ്റ്റിനാണ്. വാജ്പേയിയുടെ ഗ്വാളിയറിലെ കുടുംബവീടാണ് ട്രസ്റ്റിന്റെ ആസ്ഥാനം. വാജ്പേയിയോടുള്ള ആരാധന കൊണ്ടാണ് കവിതയ്ക്കു ശബ്ദം കൊടുത്തതെന്ന് ഒരിക്കൽ അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിരുന്നു.

ഗ്രീക്ക് ഭാഷയിലേക്കു വരെ വാജ്പേയിയുടെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സൈപ്രസിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കവി ജോർജ് മൊളസ്ക്കിസാണു കവിതകൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയത്. സൈപ്രസിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണറായിരുന്ന പവൻകുമാർ വർമ വാജ്പേയി കവിതകൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു. അതിൽനിന്നു തിരഞ്ഞെടുത്ത 21 കവിതകളാണ് ‘21/21 പീഇമാതാ‘ എന്ന തലക്കെട്ടിൽ 50 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്. വാജ്പേയി തന്റെ കവിതകളുടെ ഗ്രീക്ക് പരിഭാഷ സൈപ്രസ് പ്രസിഡന്റ് ഗ്ലാഫ്ക്കോസ് ക്ലിരിസിസ് സമ്മാനിക്കുകയും ചെയ്തിരുന്നു.

വാജ്പേയി കവിതകൾ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ‘കവിയോ പത്രപ്രവർത്തകനോ ആകാനാണു ചെറുപ്പത്തിൽ ആഗ്രഹിച്ചതെങ്കിലും രാഷ്ട്രീയത്തിൽ സജീവമായതോടെ ജീവിതം വഴിമാറി. രാഷ്ട്രീയക്കാർ കവിതയെഴുതുമ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതു പലതും കവിതയിലൂടെ പുറത്തു വന്നെന്നിരിക്കും’ - ഒരിക്കൽ വാജ്പേയി വ്യക്തമാക്കി.

കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ജയിലിൽ നിന്നെഴുതിയ കവിതകൾ‘, ‘എന്റെ 51 കവിതകൾ’ എന്ന പേരിലായിരുന്നു അത്. രണ്ടു പുസ്തകങ്ങളും പെൻഗ്വിൻ ബുക്ക്സാണ് പുസ്തകം പുറത്തിറക്കിയത്. വാജ്പേയിയുടെ പാർലമെന്റ് പ്രസംഗങ്ങളും സമാഹരിച്ച് രണ്ടു വാല്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. ‘ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ‘ എന്ന പേരിൽ ലേഖനങ്ങളുടെ ഒരു സമാഹാരവും വാജ്പേയിയുടെ പേരിലുണ്ട്.

വാജ്പേയിയുടെ ചില കവിതകൾ

വാജ്പേയി മൂന്നാം തവണ പ്രധാനമന്ത്രിയായിരുന്നപ്പോൾ എഴുതിയ ഒരു കവിത

എനിക്ക് പുണരാനാകാത്ത,
എനിക്ക് സ്വന്തമല്ലാത്തത്ര,
ഉയരത്തിൽ, എന്നെ ഏറ്റരുതേ എന്നാണ്.

ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് രാജധർമം പാലിക്കാൻ നിർദേശിച്ച വാജ്പേയിയിലെ രാഷ്ട്രീയക്കാരൻ ക്ഷമിച്ചെങ്കിലും കവി പൊറുക്കുന്നില്ല. ‘അധികാരം’ എന്ന കവിതയിലെ വരികളിൽ രോഷം വ്യക്തം.

‘തീയിൽ കരിഞ്ഞ കുഞ്ഞുങ്ങൾ
ബലാൽക്കാരത്തിനിരയായ സ്ത്രീകൾ
വെന്തു വെണ്ണീറായ വീടുകൾ
സംസ്കാരത്തിനു സാക്ഷ്യപത്രങ്ങളാകുന്നില്ല.
ദേശസ്നേഹത്തിനു മുദ്രകളുമാകുന്നില്ല.
മൃഗീയതയുടെ വിളംബരങ്ങൾ മാത്രമാണത്.
ധർമച്യുതികൾ.
മുടിയന്മാരായ മക്കളെ ജനിപ്പിക്കുന്നതിലും ഉചിതം
അമ്മയുടെ വന്ധ്യതയാണ്.
നിഷ്കളങ്കരുടെ രക്തം പുരണ്ട
സിംഹാസനം
ശവപ്പറമ്പിലെ മൺതരിയേക്കാൾ നികൃഷ്ടമാണ്.

പ്രസംഗവേദികളിൽ പൊഖ്റാൻ അണുപരീക്ഷണത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന വാജ്പേയി തൂലികയെടുക്കുമ്പോൾ മറ്റൊരാളാകുന്നു. ‘ഹിരോഷിമയുടെ ദുഃഖം’ എന്ന കവിത ശ്രദ്ധിക്കുക:

‘അണുശക്തി കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക്
ഹിരോഷിമയിലെയും നാഗസാക്കിയിലെയും
ക്രൂരമായ നരഹത്യയെക്കേട്ട്
എങ്ങനെ ഉറങ്ങാൻ കഴിഞ്ഞിരിക്കും?

മഹാത്മാഗാന്ധിയോട് വാജ്പേയിയിലെ കവി മാപ്പിരക്കുന്നു.

‘ബാപ്പുജീ,
വാഗ്ദാന ലംഘകരായ
ഈ കുറ്റവാളികൾക്ക്
മാപ്പു തരൂ!
രാജ്ഘട്ടിനെ ഞങ്ങൾ
കളങ്കപ്പെടുത്തി.

ഇന്ത്യ തിളങ്ങുന്നതായി വാദിക്കുന്ന പ്രധാനമന്ത്രി വാജ്പേയിയുടെ കവിത ഇങ്ങനെ:

‘ഭരണങ്ങൾ മാറി
കിരീടങ്ങൾ മാറി
സമൂഹ നീതിയോ?.