വാജ്പേയിയും പതിമൂന്നും

ലക്ഷണംകെട്ട നമ്പരെന്ന് ലോകം വിശേഷിപ്പിക്കുന്ന 13ന്റെ ഫലം ബിജെപിയുടെ ആദ്യപ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയും അനുഭവിച്ചിട്ടുണ്ട്. 13ന്റെ സമിശ്ര ഫലങ്ങൾ അനുഭവിച്ചായിരുന്നു മൂന്നു സർക്കാരുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ഭരണകാലം.

1996ൽ ഭരണത്തിലേറിയ വാജ്പേയിയുടെ ആദ്യ കേന്ദ്ര സർക്കാർ 13ാം ദിനം ഭരണമൊഴിയേണ്ടിവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രണ്ടാം സർക്കാർ 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പതിമൂന്നാം മാസം നിലംപതിച്ചു.

പിന്നാലെ 13 വാജ്പേയിയ്ക്കും ബിജെപിക്കും ഭാഗ്യനമ്പരായി മാറുന്നതിനും ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. 1999ൽ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്നാം ലോക്‌സഭയിൽ പ്രധാനമന്ത്രിയായപ്പോൾ 13 അദ്ദേഹത്തെ അനുഗ്രഹിച്ചു. 13ന്റെ 'മാജിക്കി'ൽ പ്രതീക്ഷയർപ്പിച്ച അദ്ദേഹം ഒക്ടോബർ 13ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാജ്പേയിയുടെ ഭരണം അഞ്ചുവർഷം തികച്ചതു ഈ മന്ത്രിസഭയിൽ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. കാലാവധി തികച്ച ആദ്യ കോൺഗ്രസ് ഇതര സർക്കാരായിരുന്നു അത്.

1998 മേയ് പതിനൊന്നിനും പതിമൂന്നിനും നടത്തിയ പൊഖ്‌റാൻ അണുപരീക്ഷണങ്ങൾ വാജ്പേയി സർക്കാരിന് പൊൻതൂവലായി മാറി. അതോടെ പതിമൂന്ന് വാജ്‌പേയിയുടെയും ബിജെപിയുടെയും ഭാഗ്യനമ്പരായി വിലയിരുത്തപ്പെട്ടു. എന്നാൽ 13 വീണ്ടും നിർഭാഗ്യത്തിന്റെ രൂപമെടുക്കുന്നതിനും ഈ കാലയളവ് സാക്ഷിയായി. ചരിത്രത്തിലാദ്യമായി ഇന്ത്യൻ പാർലമെന്റിനു നേരെ ഭീകരാക്രമണം നടന്നതു പതിമൂന്നാം ലോക്‌സഭയുടെ കാലത്താണ്. അതും ഒരു പതിമൂന്നിനായിരുന്നു – 2001 സെപ്റ്റംബർ 13ന്. 2004ലെ പതിനാലാം ലോക്‌സഭ തിരഞ്ഞെടുപ്പ് വിധി മേയ് 13ന് പ്രഖ്യാപിക്കപ്പെടുമ്പോൾ 13 തുണയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചെങ്കിലും ഫലം എതിരായി.