വാജ്പേയിയുടെ മൃദുസമീപനങ്ങൾ പ്രതിപക്ഷ കക്ഷികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയെങ്കിലും ആർഎസ്എസിനും ബിജെപിയിലെ ഒരു വിഭാഗത്തിനും അതുമായി ഒരു കാലത്തും സമരസപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളേക്കാൾ വാജ്പേയിക്കു തലവേദനയായത് ആർഎസ്എസ് മുഖ്യൻ കെ.എസ്. സുദർശന്റെ കരുനീക്കങ്ങളായിരുന്നു. ഹിന്ദുത്വ ആശയങ്ങൾക്ക് അനുസരിച്ചായിരിക്കണം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യ ഭരിക്കേണ്ടതെന്നാണ് സുദർശൻ ആഗ്രഹിച്ചിരുന്നത്.
ഭരണകാര്യങ്ങളിൽ പിടിമുറുക്കുക എന്ന ഉദ്ദേശ്യത്തോടെ സുദർശൻ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഢിലെ ഗോത്രവർഗക്കാരുടെ റാലിയിൽ സുദർശനുമായി കസേര പങ്കിട്ടതോടെ വാജ്പേയി ആർഎസ്എസ് ഭീഷണി വിദഗ്ധമായി മറികടന്നു. വിശ്വഹിന്ദു പരിഷത്ത്, സ്വദേശി ജാഗരൺ മഞ്ച്, ബിഎംഎസ് എന്നീ സംഘടനകളും ബിജെപിയിലെ തന്നെ ചില ഉന്നതനേതാക്കളും ഉന്നയിച്ച ആരോപണങ്ങളും വാജ്പേയി മറികടന്നത് ഈ വിധത്തിൽ തന്നെ.
Advertisement