അളന്ന് തൂക്കിയുള്ള സംസാരം. മൂർച്ചയുള്ള വാക്കുകൾ തമ്മിൽ കൃത്യമായ ഇടവേള. കുറിക്കുകൊള്ളുന്ന ഫലിതം. വാചാലതയും ഒപ്പം വിവേചനവും കൊണ്ട് ബിജെപിയിലെ മറ്റു നേതാക്കളിൽനിന്ന് എ.ബി. വാജ്പേയി വേറിട്ടു നിൽക്കുന്നു. ഹിന്ദുത്വ ചുവയുള്ള തീപ്പൊരി പ്രസംഗങ്ങളെക്കാളും രാഷ്ട്രം ഓർക്കുന്നത് വാജ്പേയിയുടെ സൗമ്യമായ പ്രസംഗങ്ങളാണ്. നെഹ്റു പോലും വിസ്മയിച്ച വാഗ്വൈഭവമാണു വാജ്പേയിക്കുണ്ടായിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
കന്നി പ്രസംഗത്തിലൂടെതന്നെ ലോക്സഭയിൽ തന്റെ സാന്നിധ്യം അറിയിച്ച നേതാവാണ് അടൽ ബിഹാരി വാജ്പേയി. 1958 ഓഗസ്റ്റ് 19നായിരുന്നു ലോക്സഭയിൽ മുപ്പതുകാരനായ വാജ്പേയിയുടെ കന്നി പ്രസംഗം. വിദേശ നയത്തെക്കുറിച്ചുള്ള വാജ്പേയിയുടെ പ്രസംഗത്തിനുമുണ്ടായിരുന്നു ഒരു പുതുമ. ലോക്സഭയിൽ അന്നുവരെ പ്രധാന പ്രസംഗങ്ങളെല്ലാം ഇംഗ്ലിഷിലായിരുന്നു. പതിവിനു വിരുദ്ധമായി വാജ്പേയി സംസാരിച്ചതാകട്ടെ ശുദ്ധ ഹിന്ദിയിലും !
രാജ്യാന്തരതലത്തിലുള്ള എല്ലാ പ്രശ്നങ്ങളിലും ഇടപെടുക എന്നായിരുന്നു അന്നു നെഹ്റുവിന്റെ വിദേശനയം. വിദേശനയത്തെ ഫലിതത്തിന്റെ മേമ്പൊടി ചേർത്ത് വാജ്പേയി ശൈലിയിൽ കീറിമുറിച്ചത് ഇങ്ങനെയായിരുന്നു — ‘ഒരാൾക്ക് പ്രസംഗിക്കാൻ വാചാലത മതി; എന്നാൽ നിശബ്ദനായിരിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു’. പിറ്റേന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇംഗ്ലിഷിൽ മറുപടി പറഞ്ഞശേഷം കുറച്ചുനേരം ഹിന്ദിയിൽ സംസാരിക്കാൻ സ്പീക്കറുടെ അനുമതി തേടി. ഇതു വാജ്പേയിക്കു മറുപടി പറയാനായിരുന്നു. മറുപടി പ്രസംഗത്തിൽ നെഹ്റു വാജ്പേയിയുടെ വാചകം എടുത്തുകാട്ടി പ്രശംസിച്ചുവെന്നു മാത്രമല്ല അതിനോടു പൂർണമായും യോജിക്കുകയും ചെയ്തു. അംഗങ്ങൾ കരഘോഷത്തോടെയാണ് നെഹ്റുവിന്റെ മറുപടി കേട്ടത്. അന്നു മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശബ്ദങ്ങളിലൊന്നായി എ.ബി. വാജ്പേയി മാറി. ഇംഗ്ലിഷും ഹിന്ദിയും ഒരുപോലെ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവു രാജ്യാന്തര വേദികളിലും തിളങ്ങാൻ വാജ്പേയിയെ തുണച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ സമ്മേളനത്തിൽ ഇന്ത്യയുടെ ശബ്ദം വാജ്പേയിലൂടെയാണു ലോകം കേട്ടത്. കശ്മീർ പ്രശ്നം ഉന്നയിച്ച് പാക്കിസ്ഥാൻ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ഇന്ത്യ ചെറുത്തു നിന്നത് വാജ്പേയിയുടെ വാക്കുകളുടെ കരുത്തിലാണ്. ലോക്സഭയിലെ കന്നി പ്രസംഗത്തിലെപ്പോലെതന്നെ ഐക്യരാഷ്ട്ര സംഘടനയിലും ചരിത്രം സൃഷ്ടിക്കാൻ വാജ്പേയിക്കു കഴിഞ്ഞു. ‘ഇന്ത്യയുടെ ശബ്ദം ഹിന്ദിയിൽത്തന്നെ മുഴങ്ങട്ടെ എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. വിദേശകാര്യ മന്ത്രിയായിരിക്കെ ഐക്യരാഷ്ട്ര സംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചതു വിവാദമായിത്തീരുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടനയിൽ വാജ്പേയി ഹിന്ദിയിൽ പ്രസംഗിച്ചതിനു പന്ത്രണ്ടു കോടിയിലേറെ രൂപ ചെലവായി എന്ന് ആരോപണമുയർന്നു. ഇൗ വർഷത്തെ ഏറ്റവും വലിയ നുണയാണെന്നാണ് വാജ്പേയി അന്ന് പ്രതികരിച്ചത്.
ബിജെപി സർക്കാർ ലോക്സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോൾ വാജ്പേയിയുടെ വാക്കുകൾക്ക് രാഷ്ട്രം സസൂക്ഷ്മം കാതോർക്കുകയായിരുന്നു. ‘അഴിമതി നടത്തിയും അന്തസ്സു പണയംവെച്ചും അധികാരത്തിൽ വരുകയും നിലനിൽക്കുകയും ചെയ്യുന്ന പാപക്കറ ബിജെപിയുടെ കൈകളിലില്ല. കക്ഷികളെ പിളർക്കുക, എംപിമാരെ വിലയ്ക്കെടുക്കുക.. അങ്ങനെ ബിജെപിക്ക് അധികാരം വേണ്ട. ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചപ്പോൾ പലരുടെയും ഉറക്കം പോയി. രാഷട്രപതി പിന്നെ ആരെയായിരുന്നു വിളിക്കേണ്ടിയിരുന്നത്? ജനങ്ങങ്ങൾ തിരസ്കരിച്ച കോൺഗ്രസിനെയോ? കൂൺപോലെയുള്ള കുറേ കക്ഷികളെയോ? രാഷ്ട്രപതിയെവരെ കുറ്റം പറഞ്ഞു നടക്കുകയാണ് ഇപ്പോൾ കുറേ നേതാക്കൾ’. എഴു മണിക്കൂറിലേറേ നീണ്ട വിശ്വാസപ്രമേയ ചർച്ചയ്ക്ക് വാജ്പേയി പറഞ്ഞ മറുപടി പ്രതിപക്ഷത്തെ ഒന്നടങ്കം നിരായുധരാക്കുകയായിരുന്നു. 13 ദിനം മാത്രം ആയുസ്സുണ്ടായിരുന്ന സർക്കാരിന്റെ നായകൻ, കളം ഒഴിഞ്ഞപ്പോഴും ആരുടെ മുന്നിലും തലകുനിക്കുകയില്ലെന്ന സന്ദേശമാണ് ലോക്സഭയിൽ നൽകിയത്.
സാർക്ക് ഉച്ചകോടി വേദിയിൽ വാജ്പേയിയുടെ വാക്കുകൾ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ മാത്രമല്ല, സദസ്സിനെയാകെ സ്തബ്ധമാക്കിയത് കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. ഉച്ചകോടി വേദിയിൽ പാക്ക് പ്രസിഡന്റ് ഹസ്തദാനം ചെയ്ത് ‘നല്ല കുട്ടി ചമഞ്ഞപ്പോൾ വാക്കുകളിലൂടെയാണ് വാജ്പേയി പ്രതികരിച്ചത്. ‘മുഷറഫ് സൗഹൃദത്തിന്റെ ഒരു കൈ നീട്ടിയതിൽ എനിക്കു സന്തോഷമുണ്ട്. നിങ്ങളുടെയെല്ലാം സാന്നിധ്യത്തിലാണു ഞാൻ അദ്ദേഹത്തിനു കൈകൊടുത്തതും. ഇനി പ്രസിഡന്റ് മുഷറഫ് ചെയ്യേണ്ടതു പാക്കിസ്ഥാനിലോ പാക്ക് അധീനത മേഖലയിലോ ഉള്ള എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും നിർത്തുകയാണ്. കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്നാണു ഞാനിതു പറയുന്നത്. ഞാൻ ലഹോറിലേക്കു പോയതു സൗഹൃദ ഹസ്തവുമായിട്ടാണ്. എന്നാൽ, അതിനു കിട്ടിയ പ്രതിഫലം കാർഗിൽ ആക്രമണവും വിമാന റാഞ്ചലുമാണ്. മുഷറഫിനെ ഞാൻ ആഗ്രയിലേക്കു ക്ഷണിച്ചു. കിടിയ പ്രതിഫലം കശ്മീരിൽ തീവ്രവാദി ആക്രമണവും ഇന്ത്യൻ പാർലമെന്റിനു നേർക്കുണ്ടായ ആക്രമണവുമാണ്’. മൂർച്ചയുള്ള വാക്കുകളിലൂടെ മുഷറഫിനേറ്റ പ്രഹരം വാജ്പേയിയുടെ വാഗ്വൈഭവത്തിന്റെ തെളിവായിരുന്നു.
നർമംകൊണ്ട് ശ്രേതാക്കളെ തന്നിലേക്കടുപ്പിക്കാനുള്ള വാജ്പേയിയുടെ കഴിവു കേരളം നേരിട്ടറിഞ്ഞതാണ്. കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് വാജ്പേയി നടത്തിയ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ് — ‘ജയ ജയ കോമള കേരള ധരണി. എല്ലാ മലയാളികൾക്കും എന്റെ അഭിനന്ദനം.’
മലയാളം കവിതകളുടെ മാധുര്യമുള്ള പ്രസംഗത്തിനിടെ വാജ്പേയിക്ക് വഴങ്ങാതെ പോയത് ‘ഞരമ്പ് ‘മാത്രം. വള്ളത്തോളിന്റെ ‘ദിവാസ്വപ്നം‘ എന്ന കവിതാ സമാഹാരത്തിലെ ‘ചോര തിളയ്ക്കണം‘ എന്ന കവിതയിൽ നിന്നുള്ള പ്രസിദ്ധമായ വരികൾ ‘ഭാരതമെന്നു കേട്ടാലഭിമാനപൂരിത മാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ ചൊല്ലുമ്പോഴാണ് പ്രധാനമന്ത്രിക്ക് ഇംഗ്ലിഷിലെഴുതിയ ഞരമ്പിന്റെ ഉച്ചാരണം തെറ്റിയത്. ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാലിന്റെ ‘വരവേൽപ് ‘സിനിമയെക്കുറിച്ചു വാജ്പേയി പറഞ്ഞതും സദസ്സിനു കൗതുകമായിരുന്നു.