ഭോപ്പാൽ ∙ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) അധ്യക്ഷനായി കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ വീണ്ടും രണ്ടുവർഷത്തേക്കു തിരഞ്ഞെടുത്തു. മുംബൈ ആർച്ച് ബിഷപ്പായ അദ്ദേഹം ഇപ്പോൾ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെയും അധ്യക്ഷനാണ്.
പാസ്റ്ററൽ സെന്ററിൽ ചേർന്ന പ്ളീനറി സമ്മേളനം ചെന്നൈ–മൈലാപ്പൂർ ആർച്ച് ബിഷപ് ഡോ. ജോർജ് ആന്റണി സാമിയെ വൈസ് പ്രസിഡന്റായും ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് ക്യൂട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തു.
നാഗ്പുർ ആർച്ച് ബിഷപ് ഏബ്രഹാം വിരുത്തിക്കുളങ്ങരയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെയും ഗോവ ബിഷപ് ഫിലിപ് നേരി ഫെറാവോയുടെയും സേവനങ്ങളെ സമ്മേളനം പ്രകീർത്തിച്ചു.