Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ സ്‌ഥലത്തെ സ്‌ത്രീപീഡനം തടയാൻ സിബിസിഐ മാർഗരേഖ

sexual-abuse

ന്യൂഡൽഹി ∙ കത്തോലിക്കാ സഭയുടെ സ്‌ഥാപനങ്ങളിൽ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനെന്നോണം, തൊഴിൽ സ്‌ഥലത്തെ പീഡനം തടയുന്നതിനും പരാതികൾ കൈകാര്യം ചെയ്യാനുമുള്ള മാർഗരേഖ അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പുറത്തിറക്കി.

തൊഴിൽസ്‌ഥലത്തെ സ്‌ത്രീപീഡനം തടയാനുള്ള കേന്ദ്ര നിയമത്തിന്റെ (2013) ചുവടുപിടിച്ചുള്ളതാണ് മാർഗരേഖ. സഭ സ്‌ഥാപിച്ചതോ, സഭയുടെ ഉടമസ്‌ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതോ, ഭാഗികമായോ പൂർണമായോ സഭയിൽനിന്നു ധനസഹായമുള്ളതോ ആയ സ്‌ഥാപനങ്ങൾക്കും അവയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മാർഗരേഖ ബാധകമാണ്. ഗുഡ്‌ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസും സിസ്‌റ്റർ തലീഷ നടുകുടിയിലും നേതൃത്വം നൽകുന്ന സിബിസിഐ വനിതാ കൗൺസിലാണു രേഖ തയാറാക്കിയത്.

ലൈംഗികച്ചുവയുള്ളതും വാക്കാലും ചേഷ്‌ടയാലും പ്രവൃത്തിയാലുമുള്ള ഏതു നടപടിയും ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരും. തൊഴിലിൽ വഴിവിട്ട പരിഗണന നൽകുമെന്നോ അവഗണിക്കുമെന്നോ വ്യക്‌തമാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പീഡനമാവും.

∙ സ്‌ഥാപനങ്ങളുടെ ചുമതലക്കാർ പെരുമാറ്റത്തിൽ മാതൃകയാവണം. യോഗ്യരും സൽപേരുള്ളവരും സദാചാരനിഷ്‌ഠരുമായ വ്യക്‌തികളെയേ സ്‌ഥാപനങ്ങളിൽ നിയമിക്കാവു.

∙ തൊഴിൽ സ്‌ഥലത്തെ ലൈംഗിക പീഡനത്തോട് അൽപവും വിട്ടുവീഴ്‌ചയില്ലാത്ത സമീപനമെന്ന നയം വ്യക്‌തമാക്കപ്പെടണം. മറ്റുള്ളവരെ ലൈംഗികതൃപ്‌തികൾക്കുള്ള വസ്‌തുക്കൾ മാത്രമായി കണക്കാക്കുന്ന സ്വഭാവരീതിയുള്ളവർക്കു മാറ്റമുണ്ടാക്കാൻ ബോധവൽക്കരണം നടത്തണം.

∙ മാർഗരേഖ പാലിക്കുമെന്നും മര്യാദകൾക്കു വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കില്ലെന്നും മറ്റും സഭയുടെ സ്‌ഥാപനത്തിൽ ജോലിക്കു ചേരുന്ന വ്യക്‌തി രേഖാമൂലം ഉറപ്പുനൽകണം.

∙ സ്‌ഥാപനത്തിലും രൂപതാ തലത്തിലും ഓരോ സമിതി– പരാതി സ്വീകരിക്കാനും അന്വേഷണത്തിനും കുറ്റക്കാർക്കു ശിക്ഷയും പീഡിപ്പിക്കപ്പെട്ടയാൾക്കു നഷ്‌ടപരിഹാരവും ഉറപ്പാക്കാൻ വനിതയുടെ നേതൃത്വത്തിൽ ഓരോ സ്‌ഥാപനത്തിലും ആഭ്യന്തര സമിതി വേണം. മൂന്നു മാസംകൊണ്ടു സമിതി അന്വേഷണം പൂർത്തിയാക്കി രൂപതാ സമിതിക്കു റിപ്പോർട്ട് നൽകണം. 60 ദിവസത്തിനുള്ളിൽ രൂപതാ സമിതി, ബിഷപ്പിന്റെ അനുവാദത്തോടെ നടപടിയെടുക്കണം. രാജ്യത്തെ നിയമങ്ങൾ പാലിച്ചുള്ള നടപടികളാണു വേണ്ടത്.  

‘‘തൊഴിൽസ്‌ഥലങ്ങളിൽ എല്ലാവർക്കും തുല്യതയും അന്തസ്സും നീതിയും ബഹുമാനവും ഉറപ്പാക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും സ്‌ത്രീകൾ കൂടുതൽ ശാക്‌തീകരിക്കപ്പെടുമെന്നാണ് കഴിഞ്ഞ 50 വർഷത്തെ സഭയുടെ പ്രബോധനങ്ങളും വനിതാ പ്രസ്‌ഥാനങ്ങളുടെ നേട്ടങ്ങളും വ്യക്‌തമാക്കുന്നത്. സിബിസിഐ പുറത്തിറക്കുന്ന പുതിയ നയം സ്‌ത്രീകൾക്കു കൂടുതൽ ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷ.’’ – മേജർ ആർച്ച്‌ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (സിബിസിഐ അധ്യക്ഷൻ)