ഭോപ്പാൽ ∙ വിവാഹം, കുടുംബജീവിതം എന്നിവയ്ക്കെതിരെ ആശയതലത്തിൽ ‘ലോകമഹായുദ്ധം’ തന്നെ നടക്കുന്ന കാലഘട്ടത്തിൽ കുടുംബങ്ങളെ ശാക്തീകരിക്കാൻ ബോധപൂർവമായ ശ്രമംതന്നെ വേണ്ടിയിരിക്കുന്നുവെന്നു വത്തിക്കാനിൽ ബിഷപ്സ് സിനഡിന്റെ സെക്രട്ടറി ജനറലായ കർദിനാൾ ലോറെൻസോ ബാൾഡിസ്സേരി ചൂണ്ടിക്കാട്ടി. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) 29–ാമതു സമ്മേളനത്തിന്റെ രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ് മാർപാപ്പയുടെ ‘നമ്മുടെ കുടുംബങ്ങളിലെ സ്നേഹത്തിന്റെ സന്തോഷം’ എന്ന അപ്പോസ്തൊലിക ഉപദേശങ്ങളുടെ ചുവടുപിടിച്ചു സംസാരിച്ച കർദിനാൾ ലോറെൻസോ കുടുംബങ്ങളെ സ്നേഹംകൊണ്ടു വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടു.
കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾ കൂടുതൽ സമയം നീക്കിവയ്ക്കണം– കർദിനാൾ ലോറെൻസോ നിർദേശിച്ചു. ഇന്നലത്തെ സമ്മേളനത്തിൽ അനുഭവ സാക്ഷ്യങ്ങൾക്കായി രണ്ടു സെഷനുകൾ മാറ്റിവച്ചിരുന്നു. മദർ തെരേസയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച നാടകവും അരങ്ങേറി.