ഹിന്ദിയിൽ ചോദിച്ചാൽ ഒഡിയയിൽ കിട്ടും

തദാഗത് സത്പതി

ന്യൂഡൽഹി∙ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ എംപിമാർക്ക് ഹിന്ദിയിലെഴുതിയ ഔദ്യോഗിക കത്തിന് ഒഡിയ ഭാഷയിൽ ബിജു ജനതാ ദൾ എംപി തദാഗത് സത്‌പതിയുടെ മറുപടി. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകളെല്ലാം ഹിന്ദിയിലാണെന്ന് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ രീതി കടമെടുത്താണ് താൻ മന്ത്രിക്കു മറുപടി നൽകിയതെന്ന് തദാഗത് മനോരമയോടു പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിർദേശാനുസരണം 2022ലെ ഇന്ത്യയെക്കുറിച്ചു ചർച്ചചെയ്യാൻ പഞ്ചായത്തിരാജ് മന്ത്രാലയം ഇന്നുമുതൽ 25 വരെ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചാണ് എംപിമാർക്ക് മന്ത്രി കത്തയച്ചത്. എന്നാൽ, കത്ത് മന്ത്രിയുടെ ഹിന്ദിയിലായതിനാൽ ഉള്ളടക്കം മനസ്സിലായില്ലെന്നും ഒഡിയയിലോ ഇംഗ്ലിഷിലോ കത്തയച്ചാൽ കാര്യം മനസിലാക്കാനാവുമെന്നും തദാഗത് മറുപടി നൽകി.

കഴിഞ്ഞ 11നാണ് മന്ത്രി കത്തയച്ചത്. തദാഗതിന്റെ മറുപടി 18നും. മന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ എംപിയുടെ നടപടിയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, തദാഗതിന്റെ മറുപടിയും ട്വിറ്ററിലൂടെയുള്ള പരാമർശങ്ങളും സാമൂഹികമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി.

∙ തദാഗത് സത്‌പതിക്കു പറയാനുള്ളത്:

ഇന്ത്യയിലെ ഏതു ഭാഷയ്‌ക്കും അതിന്റേതായ സൗന്ദര്യവും തനിമയുണ്ട്. ഒരു ഭാഷയും മറ്റു ഭാഷകളേക്കാൾ താഴ്‌ന്നതല്ല. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ അടിച്ചേൽപിക്കുന്നതിനു ന്യായീകരണമില്ല. ഏത്ര ഭാഷകൾ അറിയാമോ, അത്രയും നല്ലത്. ഹിന്ദി രാഷ്‌ട്രഭാഷയല്ല, രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നാണ്.

യുപിഎ സർക്കാരിന്റെ കാലത്ത് കത്തുകൾ ഒരു വശത്ത് ഇംഗ്ലിഷ്, മറുവശത്ത് ഹിന്ദി എന്ന രീതിയിലാണ് ലഭിച്ചിരുന്നത്.