ന്യൂഡൽഹി∙ ഇന്ത്യയിലെ നാൽപതിലധികം ഭാഷകളും ഭാഷാഭേദങ്ങളും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് സെൻസസ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. ആയിരത്തോളം ആളുകൾ മാത്രമേ ഇപ്പോൾ ഈ ഭാഷകളും ഭാഷാഭേദങ്ങളും സംസാരിക്കുന്നുള്ളൂ.
റിപ്പോർട്ട് അനുസരിച്ച്, 22 ഷെഡ്യൂൾഡ് ഭാഷകളും 100 നോൺ ഷെഡ്യൂൾഡ് ഭാഷകളുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്നത് (ഒരു ലക്ഷമോ അതിലധികമോ). എന്നാൽ 42 ഭാഷകൾ 10,000ത്തിൽ താഴെ മാത്രമേ ആളുകൾ സംസാരിക്കുന്നു. ഇവയാണു നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്.
യുനെസ്കോ തയാറാക്കിയ പട്ടികയിലും ഈ 42 ഭാഷകളെയും ഭാഷാഭേദങ്ങളെയും കുറിച്ചു പരാമർശിക്കുന്നുണ്ട്. ഇവ നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആ റിപ്പോർട്ടിലും പറയുന്നത്. ഇത്തരം ഭാഷകളെ സംരക്ഷിക്കാനും കൂടുതൽ പ്രചാരത്തിൽ വരുത്താനും മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിനെ കേന്ദ്ര പദ്ധതിയിൽപ്പെടുത്തി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.
ഭാഷകളെ സംരക്ഷിക്കുന്നതിന് ആവശ്യമുള്ള പുസ്തകങ്ങൾ (ഈ ഭാഷകളുടെ വ്യാകരണം, സംസാര രീതി, വാമൊഴികൾ, നാടോടിക്കഥകൾ തുടങ്ങിയവ ഉൾപ്പെടെ) ഇവർ തയാറാക്കുകയാണ്.
ഈ പട്ടികയിൽ 11 ഭാഷകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സംസാരഭാഷയാണ്. ഗ്രേറ്റ് ആൻഡമാനീസ്, ജറാവ, ലാമോങ്സെ, ലൂറോ മൗട്ട്, ഓങ്കെ, പു, സാനെന്യോ, സെന്റിൽസെ, ഷോംപെൻ, തകാഹാന്യിലാങ് എന്നിവയാണത്.
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മറ്റു ഭാഷകൾ
∙ മണിപ്പൂർ – ഐമോൾ, അക, കൊയ്റെൻ, ലാംഗാങ്, ലാങ്രോങ്, പുരും, താറാവോ
∙ ഹിമാചൽ പ്രദേശ് – ബാഗ്ഹട്ടി, ഹന്‍ഡുരി, പാങ്‌വാലി, സിർമൗഡി
∙ ഒഡീഷ – മാൻഡ, പാർജി, പെങ്ഗോ
∙ കർണാടക – കൊറാഗ, കുറുബ
∙ ആന്ധ്ര പ്രദേശ് – ഗഡാബ, നൈകി
∙ തമിഴ്നാട് – കോട്ട, തോഡ
∙ അരുണാചൽ പ്രദേശ് – മ്രാ, നാ
∙ അസം – തായ് നേറ, തായ് റോങ്
∙ ഉത്തരാഖണ്ഡ് –ബംഗാനി
∙ ജാർഖണ്ഡ് – ബിർഹോർ
∙ മഹാരാഷ്ട്രം – നിഹാലി
∙ മേഘാലയ – രുഗ
∙ ബംഗാൾ – ടോട്ടോ
22 ഷെഡ്യൂൾഡ് ഭാഷകളെക്കൂടാതെ, വിവിധ സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഔദ്യോഗിക പദവി നൽകിയിരിക്കുന്ന 31 ഭാഷകളും രാജ്യത്തുണ്ട്. സെൻസസ് കണക്കുകൾ വച്ച്, റാഷണലൈസ്ഡ് മാതൃഭാഷ പട്ടികയിൽ ഇന്ത്യയിൽ 1635 ഭാഷകളുണ്ട്. തിരിച്ചറിയപ്പെടുന്ന മാതൃഭാഷകളുടെ പട്ടികയിൽ 234 എണ്ണവും പ്രധാനപ്പെട്ട ഭാഷകളുടെ പട്ടികയിൽ 22 എണ്ണവും ഉൾപ്പെടുന്നു.