ലക്നൗ ∙ ഉത്തർപ്രദേശിൽ മഥുര ജില്ലക്കാരനായ ചിദ്ദിയുടെ കാർഷിക കടം 1.55 ലക്ഷം രൂപ. യുപി സർക്കാർ ഋണമോചന പദ്ധതിപ്രകാരം എഴുതിത്തള്ളിയത് ഒരു പൈസ! ഒരുലക്ഷം രൂപ തള്ളേണ്ടിടത്താണ് ഒരു രൂപ മാത്രം എഴുതിത്തള്ളിയത്. മൂന്നുവട്ടം ഓഫിസുകൾ കയറിയിറങ്ങിയിട്ടും ആർക്കും കൃത്യമായ മറുപടി തരാനാകുന്നില്ലെന്നു ചിദ്ദിയുടെ മകൻ ബൻവാരി ലാൽ പറയുന്നു.
എന്നാൽ, ചിദ്ദിയുടെ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാൻ ബാക്കിയുള്ള പലിശയായി കാണിച്ചിരിക്കുന്നത് ഒരു പൈസ മാത്രമാണ്. അതാവാം ഇതിനു കാരണമെന്നു ജില്ലാ കലക്ടർ അരവിന്ദ് മല്ലപ്പ വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിക്കാത്ത മറ്റേതെങ്കിലും അക്കൗണ്ടിൽ നിന്നായിരിക്കും വായ്പ എടുത്തിരിക്കുന്നത്. 27നു തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ ചിദ്ദിക്കു പണം ലഭിക്കുമെന്നും കലക്ടർ പറഞ്ഞു.
യുപി സർക്കാർ പദ്ധതിപ്രകാരം ഒരുലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളും. 36,000 കോടിരൂപ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ മൂന്നു ഘട്ടങ്ങളിലായി 86 ലക്ഷം കർഷകരുടെ കടം റദ്ദാകും.
ഇൻഷുറൻസിന് അടച്ചത് 5220 രൂപ; കിട്ടിയതു നാലുരൂപ !
ഭോപാൽ∙ പ്രധാനമന്ത്രിയുടെ ഫസൽ ബീമ യോജനപ്രകാരം 5220 രൂപ പ്രീമിയം അടച്ചു കാർഷിക ഇൻഷുറൻസ് പോളിസി എടുത്ത കർഷകൻ ബദാമി ലാലിനു കിട്ടിയ നഷ്ടപരിഹാരം നാലു രൂപ 70 പൈസ!
മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ തിലാരിയ ഗ്രാമത്തിലെ 52 സോയാബീൻ കർഷകർ എല്ലാവർക്കും കൂടി ആകെ കിട്ടിയതു 3061 രൂപ 50 പൈസയാണ്. ഇതിൽ ഏറ്റവും കൂടുതൽ തുക കിട്ടിയത് 22 ഏക്കറിലെ കൃഷി ഏറക്കുറെ പൂർണമായി നശിച്ച നീലാബായിക്കാണ്–194 രൂപ 24 പൈസ. രണ്ടേക്കർ കൃഷി നശിച്ച ഉത്തം സിങ്ങിനു കിട്ടിയതു 17 രൂപ. സിങ് അടച്ച തുകയാകട്ടെ, 1342 രൂപയും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടു കൂടിയാണു തിലാരിയ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചൗഹാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സർട്ടിഫിക്കറ്റുകളോടു കൂടിയായിരുന്നു തുക വിതരണം. 2016 ഫെബ്രുവരിയിൽ സോഹോർ ജില്ലയിൽ പ്രധാനമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.