ലക്നൗ ∙ ലക്ഷങ്ങൾ കാർഷിക കടമുള്ള കർഷകന്റെ ഒരു പൈസ മാത്രം എഴുതിത്തള്ളിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ. യുപി സർക്കാരിന്റെ ഋണമോചന പദ്ധതി പ്രകാരം ചിദ്ദി എന്ന കർഷകനാണ് ഒരു ലക്ഷത്തിനു പകരം ഒരു പൈസയുടെ മാത്രം ഇളവ് ലഭിച്ചത്.
എന്നാൽ വായ്പയെടുത്ത ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതു കൊണ്ടാണിതു സംഭവിച്ചതെന്നും ആധാർ ബന്ധിപ്പിക്കുന്നതോടെ ഒരു ലക്ഷം രൂപയുടെ ഇളവു ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2.23 ലക്ഷം രൂപയാണ് ചിദ്ദി അടയ്ക്കേണ്ട തുക. ആധാറുമായി ബന്ധിപ്പിച്ച ചിദ്ദിയുടെ മറ്റൊരു അക്കൗണ്ടിൽ ഒരു പൈസ മാത്രമാണു വായ്പ രേഖപ്പെടുത്തിയിരുന്നതെന്നും അതിനാലാണ് ഒരു പൈസ ഇളവു നൽകിയതെന്നുമാണു വിശദീകരണം.