മുംബൈ ∙ കഴിഞ്ഞ ദിവസങ്ങളിലെ ദലിത്–മറാഠാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനി, ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് എന്നിവർ പങ്കെടുക്കാനിരുന്ന വിദ്യാർഥി സമ്മേളനത്തിനു പൊലീസ് അനുമതി നിഷേധിച്ചു. തീരുമാനത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
ഇന്നലെ സമ്മേളനം നടക്കേണ്ടിയിരുന്ന വിലെ പാർലെ ഭായ്ദാസ് ഹാളിനു സമീപമായിരുന്നു പ്രതിഷേധ പ്രകടനം. കസ്റ്റഡിയിലെടുത്തവരിൽ സംഘാടകരായ ഛാത്ര ഭാരതിയുടെ പ്രസിഡന്റ് ദത്താ ഡാഗെ, കപിൽ പാട്ടീൽ എംഎൽസി, അലഹാബാദ് സർവകലാശാലയിലെ വിദ്യാർഥി നേതാവ് റിച്ച സിങ്, ജെഎൻയുവിലെ വിദ്യാർഥി നേതാവ് പ്രദീപ് നർവാൾ എന്നിവർ ഉൾപ്പെടുന്നു. സമ്മേളന സ്ഥലത്തു പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 11ന് ആരംഭിക്കാനിരുന്ന സമ്മേളനത്തിന് അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നു പരിപാടി തെരുവിൽ സംഘടിപ്പിക്കാനായിരുന്നു സംഘാടകരുടെ നീക്കം. ഇതു തടയാനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇതിനിടെ, ഡിസംബർ 31നു പുണെയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ മേവാനിക്കും ഖാലിദിനുമെതിരെ പുണെ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. ഭീമ-കോറെഗാവ് യുദ്ധവാർഷികാചരണത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലെ പ്രസംഗമാണു സംഘർഷത്തിനു കാരണമായതെന്ന് ആരോപിച്ചു മറാഠാ പക്ഷം നൽകിയ പരാതിയിലാണു കേസ്.
എന്നാൽ, പുണെ ഭീമ-കോറെഗാവിൽ സംഘർഷത്തിനു കാരണക്കാരായ ഹിന്ദു സംഘടനകളുടെ നേതാക്കളായ മിലിന്ദ് ഏക്‌ബോതെ, സംഭാജി ഭിഡെ എന്നിവർ സ്വതന്ത്രരായി നടക്കുമ്പോഴാണു പൊലീസ് മേവാനിക്കും ഖാലിദിനുമെതിരെ കേസെടുത്തതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.