ജയ് ഷാ – വയർ കേസ്: ഒത്തുതീർപ്പിനു ശ്രമിക്കാൻ സുപ്രീംകോടതി ഉപദേശം

ജയ് ഷാ

ന്യൂഡൽഹി∙ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായും ‘ദ് വയർ’ ഓൺലൈൻ വാർത്താ പോർട്ടലും തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഇരുകക്ഷികളോടും സുപ്രീം കോടതി നിർദേശിച്ചു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനി അനധികൃതമായി വൻ ലാഭമുണ്ടാക്കിയെന്ന വാർത്ത കൊടുത്തതിനെതിരെയാണു ‘വയറി’നെതിരെ ജയ് മാനനഷ്ടക്കേസ് കൊടുത്തത്.

മാനനഷ്ടക്കേസിൽ വാദം നടക്കുന്ന ഗുജറാത്തിലെ കോടതിയോടു നടപടികൾ നിർത്തിവയ്ക്കാൻ നേരത്തേ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സമയപരിധി നീട്ടുകയും ചെയ്തു. ജൂലൈ ആദ്യം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. അതിനു മുൻപ് ഇരുകക്ഷികളുടെയും അഭിഭാഷകരോട് ചർച്ച ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉപദേശിച്ചത്.