ഭീഷണിപ്പെടുത്തിയ കേസ്: അബു സലേം കുറ്റക്കാരൻ

ന്യൂഡൽഹി∙ 2002 ൽ ഡൽഹിയിലെ ബിസിനസുകാരനിൽ നിന്ന് അഞ്ചുകോടി രൂപ സംരക്ഷണ തുകയായി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി അബു സലേം കുറ്റക്കാരനാണെന്നു ഡൽഹി കോടതി. ജൂലൈ 21ന് ശിക്ഷ വിധിക്കും.

അശോക് ഗുപ്ത എന്ന ബിസിനസുകാരനിൽ നിന്നാണ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടത്. ബോളിവുഡ് താരങ്ങളെയും കെട്ടിട നിർമാതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് അബു സലേം. ഗുൽഷൻ കുമാർ വധം, നടി മനീഷ കൊയ്‌രാളയുടെ സെക്രട്ടറി അജിത് ദേവാനിയുടെ കൊലപാതകം, സംവിധായകൻ രാജീവ് റായി വധശ്രമം, ക്രിക്കറ്റ് വാതുവയ്പ് തുടങ്ങി അറുപതിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് 2002 ൽ പോർച്ചുഗലിൽ അറസ്റ്റിലായത്.

1993 മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു.