Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥിരം മേധാവി ഇല്ലാതെ ഡിആർഡിഒ

drdo

ന്യൂഡൽഹി ∙ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രത്തിൽ (ഡിആർഡിഒ) സ്ഥിരം മേധാവിയെ നിയമിക്കാനാവാതെ കേന്ദ്ര സർക്കാർ. ഡിആർഡിഒ ചെയർമാൻ സ്ഥാനത്തുനിന്നു കഴിഞ്ഞ തിങ്കളാഴ്ച പടിയിറങ്ങിയ എസ്. ക്രിസ്റ്റഫറിന്റെ പകരക്കാരനെ കണ്ടെത്താനുള്ള സർക്കാർ ശ്രമം ഫലം കണ്ടില്ല. ഇതേത്തുടർന്ന് പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയ്ക്ക് അധിക ചുമതല നൽകി. മുതിർന്ന ശാസ്ത്രജ്ഞനെ നിയമിക്കുംവരെ അദ്ദേഹം ചുമതല വഹിക്കും.

രാജ്യത്തിന്റെ പ്രതിരോധ വികസന പദ്ധതികൾക്കു ചുക്കാൻപിടിക്കുന്ന ഡിആർഡിഒയ്ക്കു മൂന്നു മാസത്തേക്കു വരെ സ്ഥിരം മേധാവിയില്ലാത്ത അവസ്ഥയാണു നിലവിലുള്ളത്. ക്രിസ്റ്റഫറിന് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാൻ സർക്കാർ നടത്തിയ ശ്രമങ്ങളാണ്, പിൻഗാമിയുടെ തിരഞ്ഞെടുപ്പ് വൈകിച്ചതെന്നാണു സൂചന.

പുതിയ മേധാവിയെ കണ്ടെത്തുന്നതിനുള്ള സമിതി, നിയമനം സംബന്ധിച്ച മന്ത്രിതല സമിതിക്കു പേരുകൾ ശുപാർശ ചെയ്യുകയാണ് അടുത്ത പടി. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജി. സതീഷ് റെഡ്ഡി, ബ്രഹ്മോസ് മിസൈൽ പദ്ധതി മേധാവി സുധീർ മിശ്ര, ആയുധ വിഭാഗം ശാസ്ത്രജ്ഞൻ പ്രവീൺ കെ. മെഹ്ത, ഇലക്ട്രോണിക്സ് വിഭാഗം ഡയറക്ടർ ജനറൽ ജില്ലേലമുദി മഞ്ജുള എന്നിവരുടെ പേരുകളാണു പരിഗണനയിലുള്ളത്.

രാജ്യസുരക്ഷയിലെ തന്ത്രപ്രധാന കരസേനാ ഘടകമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവിയെ നിശ്ചയിക്കുന്നതിലും കാലതാമസം നേരിടുകയാണ്. കമാൻഡ് മേധാവി ലഫ്. ജനറൽ ദേവ്‌രാജ് അൻബു സേനയുടെ സഹമേധാവിയായി വെ‌ള്ളിയാഴ്ച ചുമതലയേൽക്കും. ഇദ്ദേഹത്തിന്റെ പകരക്കാരനെ ഇനിയും നിശ്ചയിച്ചിട്ടില്ല.