ബെംഗളൂരു∙ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് മുതിർന്ന മലയാളി ശാസ്ത്രജ്ഞ ടെസി തോമസിനെ നിയമിച്ചു. നിലവിലെ ഡയറക്ടർ ജനറൽ സി.പി. രാമനാരായണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മേയ് 31 രാമനാരായണൻ വിരമിക്കും. നിലവിൽ ഹൈദരാബാദിലെ അഡ്വാൻസ്ഡ് ലബോറട്ടറീസ് (എഎസ്എൽ) ഡയറക്ടറായ ടെസി ജൂൺ ഒന്നിന് സ്ഥാനമേൽക്കും.
അഗ്നി മിസൈൽ വികസന പദ്ധതിയുടെ ഡയറക്ടറും ടെസി ആയിരുന്നു. ഡിആർഡിഒ സാങ്കേതിക വിഭാഗത്തിൽ ഡയറക്ടർ ജനറൽ പദവിയിലെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് ടെസി. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ ക്ലസ്റ്റർ മേധാവി മഞ്ജുള, ലൈഫ് സയൻസ് ഡയറക്ടർ ജനറൽ സ്ഥാനത്തെത്തിയ ഡി. ശശി ബാലാ സിങ് എന്നിവരാണ് ടെസിയുടെ മുൻഗാമികൾ.