ബാലസോർ ∙ പുത്തൻ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഇന്ത്യയിൽ നിർമിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു നിന്നായിരുന്നു ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ഈ മിസൈലിന്റെ വിക്ഷേപണം. രാവിലെ 10.40 ന് ചാന്ദിപുരിൽ നടന്ന വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെന്ന് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വ്യക്തമാക്കി. ബ്രഹ്മോസ് സംഘവും ഡിആർഡിഒ ഗവേഷകരും ചേർന്നു തയാറാക്കിയ സാങ്കേതികതയാണ് ഇത്തവണ പരീക്ഷിച്ചത്.
മിസൈലിന്റെ കാലാവധി വർധിപ്പിക്കുന്നതിനുള്ള സാങ്കേതികതയാണു സംഘം തയാറാക്കിയത്. ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികത ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്നത്. ഗവേഷകരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ അഭിനന്ദിച്ചു. നിലവിലുള്ളതിനേക്കാൾ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. ഇതുവഴി ബ്രഹ്മോസ് മിസൈലിനു വേണ്ടിയുള്ള സൈന്യത്തിന്റെ ചെലവിലും ഏറെ കുറവു വരുത്താനാകും.
കര, വായു, കടൽ എന്നിവിടങ്ങളിൽനിന്നു കൂടാതെ സമുദ്രാന്തർഭാഗത്തുനിന്നും ബ്രഹ്മോസ് വിക്ഷേപിക്കാനാകും. ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈൽ കഴിഞ്ഞ വർഷം സുഖോയ്–30 എംകെഐ യുദ്ധവിമാനത്തിൽനിന്നു വിക്ഷേപിച്ചും ഇന്ത്യ പേരെടുത്തിരുന്നു. നവംബറിൽ നടത്തിയ പരീക്ഷണത്തിൽ ബംഗാൾ ഉൾക്കടലിലെ ‘ലക്ഷ്യ’ത്തെയും മിസൈൽ തകർത്തു. കരയിൽ നിന്നും കപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഇതിനോടകം ഇന്ത്യൻ സൈന്യത്തിനു സ്വന്തമായുണ്ട്. പുതിയ പരീക്ഷണത്തിലൂടെ ഇത് വ്യോമസേനയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണു രാജ്യം.