ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരെ 1971ലെ യുദ്ധത്തിന് ഇറങ്ങിത്തിരിക്കുന്നതിനു മുന്നോടിയായി ആഗോള പിന്തുണ ലഭിക്കാൻ ഇന്ദിരാ ഗാന്ധി കത്തെഴുതിയത് അറുപതിലേറെ രാഷ്ട്രത്തലവൻമാർക്ക്. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സെക്രട്ടറി പി.എൻ.ഹക്സറുടെ ജീവിതം ആസ്പദമാക്കി കോൺഗ്രസ് നേതാവ് ജയറാം രമേശ് രചിച്ച ‘ഇന്റർട്വൈൻഡ് ലൈവ്സ്: പി.എൻ.ഹക്സർ ആൻഡ് ഇന്ദിരാ ഗാന്ധി’ എന്ന പുസ്തകത്തിലാണു വിശദാംശങ്ങളുള്ളത്.
ഹക്സറുടെ ഉപദേശമനുസരിച്ച് 1971 മേയിൽ വിവിധ രാഷ്ട്രത്തലവൻമാർക്ക് അയച്ച കത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലദേശ്) മനുഷ്യാവകാശ ലംഘനങ്ങളും അത് ഇന്ത്യയ്ക്കു മേൽ ഏൽപിക്കുന്ന ആഘാതവും ഇന്ദിര അടിവരയിട്ടു വ്യക്തമാക്കി. പാക്കിസ്ഥാനെതിരെ ആഗോള വികാരവും ഉയർന്നു. ഡിസംബറിൽ ഇന്ദിര യുദ്ധത്തിനു പച്ചക്കൊടി കാട്ടി. ഇന്ദിരയ്ക്കൊപ്പം 1967 മുതൽ 1972 വരെ പ്രവർത്തിച്ച ഹക്സർ, 1971ലെ യുദ്ധം, ബാങ്ക് ദേശസാൽക്കരണം തുടങ്ങിയ ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചെന്നു പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പാർട്ടിയിലെ കലാപസ്വരങ്ങളെ സമർഥമായി നേരിടാൻ ഇന്ദിരയ്ക്കു കരുത്തേകി. 1972 ജൂൺ 14നു യുഎൻ പരിസ്ഥിതി സമ്മേളനത്തിലുൾപ്പെടെ ഇന്ദിരയുടെ പ്രധാന പ്രസംഗങ്ങളിൽ പലതും തയാറാക്കിയതു ഹക്സറായിരുന്നു. പലസ്തീനും അന്നത്തെ സോവിയറ്റ് യൂണിയനുമായി ഊഷ്മള ബന്ധം നിലനിർത്താൻ ഹക്സർ രചിച്ച നയതന്ത്ര ചാരുതയുള്ള കത്തുകൾ സഹായകരമായി. മക്കൾ രാജീവും സഞ്ജയും ലണ്ടനിൽ പഠിക്കുമ്പോൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളുടെ ചുമതലക്കാരനായും അന്നു യുകെയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന ഹക്സറെ ഇന്ദിര ചുമതലപ്പെടുത്തിയിരുന്നു.
സ്വന്തം കാർ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള സഞ്ജയ്‌യുടെ താൽപര്യത്തെ എതിർത്തതിനെ തുടർന്നു ബന്ധത്തിൽ വിള്ളൽ വീഴുംവരെ ഇന്ദിരയുടെ വിശ്വസ്തനായിരുന്നു ഹക്സർ. അദ്ദേഹത്തിലൂടെ ഇന്ദിരയുടെ ജീവിതത്തിലെ അറിയാക്കഥകളാണു ജയറാം രമേശ് അവതരിപ്പിക്കുന്നത്. സൈമൺ ആൻഡ് ഷൂസ്റ്റർ ആണു പ്രസാധകർ.