ന്യൂഡൽഹി ∙ രാജ്യതലസ്ഥാന നഗരത്തിലെ വായു മലിനീകരണം ഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ സ്വകാര്യ കാറുകൾ നിരത്തിലിങ്ങുന്നതു വിലക്കിയേക്കും. സ്ഥിതി കൂടുതൽ മോശമായാൽ സ്വകാര്യ വാഹനങ്ങൾ നിരോധിക്കുമെന്നു സുപ്രീം കോടതി നിയമിച്ച മലിനീകരണ നിയന്ത്രണ മേൽനോട്ട അതോറിറ്റി (ഇപിസിഎ) വ്യക്തമാക്കി.
മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ നാളെ മുതൽ ആരംഭിക്കും.
മലിനീകരണത്തിന്റെ വ്യതിയാനമനുസരിച്ചു ഘട്ടം ഘട്ടമായ പ്രതിരോധ നടപടികളാണു സ്വീകരിക്കുന്നത്. ‘സ്ഥിതി കൂടുതൽ മോശമാകില്ലെന്നാണ് വിശ്വാസം. മറിച്ചായാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു നിരോധിക്കും. പൊതുഗതാഗതം മാത്രമാകും അനുവദിക്കുക’– ഇപിസിഎ അധ്യക്ഷൻ ഡോ. ഭുരെ ലാൽ പറഞ്ഞു.