ലോകത്തിലെ ഏറ്റവും മോശം വായു; ഡൽഹി ഒന്നാമത്

ഡൽഹിയിലെ നിരത്തിൽനിന്നൊരു കാഴ്ച.

ന്യൂഡൽഹി ∙ അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധിയുമായി ഡൽഹി. നിയന്ത്രണമെല്ലാം കാറ്റിൽ പറത്തി പടക്കങ്ങൾ പൊട്ടിച്ച ദീപാവലിപ്പിറ്റേന്നാണു വായു മലിനീകരണത്തിൽ രാജ്യതലസ്ഥാനം ‘ഒന്നാമതെ’ത്തിയത്. ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന ‘എയർവിഷ്വൽ’ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോർട്ടാണിത്. ഇന്നലെ സ്ഥിതി അൽപം മെച്ചപ്പെട്ടു. അതോടെ, ഇന്നലെ എയർ വിഷ്വലിന്റെ പട്ടികയിലും ഡൽഹി മൂന്നാം സ്ഥാനത്തേക്കു നില മെച്ചപ്പെടുത്തി.

ധാക്ക, ലഹോർ നഗരങ്ങളാണ് ഇന്നലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ. വ്യാഴാഴ്ച രാവിലെ 4.30നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക(എയർ‍ ക്വാളിറ്റി ഇൻഡക്സ് –എക്യുഐ) 980 ആയപ്പോഴാണ് ഏറ്റവും മോശം വായു എന്ന നിലയിലെത്തിയത്. പൊതുവെ വായു ഏറ്റവും മോശമായ ബെയ്ജിങ് നഗരത്തെക്കാൾ 10 മടങ്ങ് അധികം. ചില മേഖലകളിൽ എക്യുഐ ആയിരത്തിനു മുകളിലെത്തി. 0–50 എക്യുഐ ആണു സുരക്ഷിത നിലവാരം.

പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കം

ദീപാവലിക്കു ഡൽഹി നിവാസികൾ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കം! വായുമലിനീകരണം രൂക്ഷമാക്കുന്ന 1.5 ലക്ഷം കിലോ പൊടിപടലം സൃഷ്ടിക്കാൻ പര്യാപ്തമാണിതെന്നും അർബൻ എമിഷൻസ് സന്നദ്ധസംഘടനയുടെ പഠനം പറയുന്നു. പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നു വ്യക്തമാക്കുന്നതാണു റിപ്പോർട്ട്.