മെദ്ചൽ (തെലങ്കാന)∙ ടിആർഎസ് സർക്കാർ തെലങ്കാനയെ ദുരിതത്തിലേക്കു തള്ളിയിട്ടതായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. 2014 ൽ തെലങ്കാന രൂപംകൊണ്ട ശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ സോണിയ മെദ്ചൽ മണ്ഡലത്തിൽ നടത്തിയ പ്രചാരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.
സ്വന്തം കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അമ്മമാർക്കറിയാം. പക്ഷേ, തെലങ്കാന പിറന്നുവീണത് സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരുടെ കൈകളിലേക്കാണ്– സംസ്ഥാന രൂപീകരണത്തിനു മുൻകയ്യെടുത്ത തന്നെ തെലങ്കാനയുടെ അമ്മ എന്ന മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച പ്രവർത്തകരോടു സോണിയ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആദ്യമായാണു സോണിയ പ്രചാരണത്തിനിറങ്ങുന്നത്.
സംസ്ഥാന രൂപീകരണത്തിനായി തെലങ്കാനയിലെ ജനങ്ങൾ പോരാടിയപ്പോൾ അവർക്കൊപ്പം പാറ പോലെ ഉറച്ചു നിന്ന വ്യക്തിയാണു സോണിയയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ രക്തവും വിയർപ്പും കൊണ്ടു രൂപീകരിച്ച സംസ്ഥാനമാണു തെലങ്കാന. സംസ്ഥാന രൂപീകരണത്തിനു സോണിയ അക്ഷീണം പ്രവർത്തിച്ചു. ടിആർഎസിനെ തോൽപ്പിക്കാനാണു കോൺഗ്രസ്, ടിഡിപി, തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ കൈകോർത്തത് – രാഹുൽ പറഞ്ഞു.
ടിജെഎസ് മേധാവി കോദണ്ഡറാം സമ്മേളനത്തിൽ പങ്കെടുത്തെങ്കിലും ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വിട്ടു നിന്നു. അടുത്തയാഴ്ച രാഹുലിനൊപ്പം നായിഡു പ്രചാരണത്തിനിറങ്ങുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.