തെലങ്കാന: കോൺഗ്രസിൽ മുൻനിര പിടിക്കാൻ അസ്ഹർ

ന്യൂഡൽഹി ∙ തെലങ്കാനയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദീനെ പാർട്ടിയുടെ മുൻനിരയിൽ കൊണ്ടുവരാൻ കോൺഗ്രസ് നീക്കം. നാട്ടിൽ താരപരിവേഷമുള്ള അസ്ഹറിനെ സംസ്ഥാന വർക്കിങ് പ്രസിഡന്റാക്കുന്നതു സജീവ പരിഗണനയിൽ. ന്യൂനപക്ഷ വിഭാഗത്തിനു സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അസ്ഹർ കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് അനുനയിപ്പിക്കാൻ നീക്കം.

നിലവിലുള്ള 3 വർക്കിങ് പ്രസിഡന്റുമാർക്കു പുറമെയാണ് അസ്ഹറിനെയും പരിഗണിക്കുന്നത്. ജെറ്റി കുസും കുമാർ, കഴിഞ്ഞ വർഷം ടിഡിപി വിട്ടുവന്ന എ. രേവന്ത് റെഡ്ഡി, മുൻ എംപി പൊന്നം പ്രഭാകർ എന്നിവരാണു നിലവിലെ വർക്കിങ് പ്രസിഡന്റുമാർ. മുഖ്യപദവി നൽകുന്നതിനു സംസ്ഥാന ഘടകം അനുകൂല നിലപാടെടുത്തതോടെ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു പാർട്ടി ദേശീയ ഘടകം അസ്ഹറിനെ നിയോഗിച്ചിരുന്നു. യുപിയിലെ മൊറാദാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്നു 2009ൽ വിജയിച്ച അസ്ഹർ, 2014ൽ രാജസ്ഥാനിലെ ടോങ്കിൽ പരാജയപ്പെട്ടിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദിൽ നിന്നു മൽസരിക്കാൻ അസ്ഹറിനു താൽപര്യമുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.