തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റും കൊടങ്കൽ മണ്ഡലത്തിലെ മഹാകൂടമി സ്ഥാനാർഥിയുമായ രേവന്ത് റെഡ്ഡിയെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. പ്രതിഷേധമുയർന്നതോടെ 12 മണിക്കൂറിനുശേഷം വിട്ടയച്ചു. കൊടങ്കൽ മണ്ഡലത്തിൽ ഇന്നലെ പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ തടയുമെന്നു റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ വരണാധികാരിയുടെ നിർദേശത്തെത്തുടർന്നാണ് ഇന്നലെ പുലർച്ചെ 3 മണിയോടെ പൊലീസ് രേവന്ത് റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെതിരെ കോൺഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കു പരാതി നൽകുകയും ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയും ചെയ്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശത്തെത്തുടർന്ന്, കെസിആറിന്റെ പ്രചാരണപരിപാടിക്കു ശേഷമാണ് രേവന്ത് റെഡ്ഡിയെ മണ്ഡലത്തിൽ തിരികെ എത്തിച്ചത്. ഉറങ്ങുകയായിരുന്ന രേവന്ത് റെഡ്ഡിയെ മുന്നറിയിപ്പു കൂടാതെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിനു 3 നാൾ മാത്രം ശേഷിക്കേ, കോൺഗ്രസിന്റെ പ്രചാരണത്തെ തകിടംമറിക്കാനാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്യിച്ചതെന്നു കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളുടെയും അടുപ്പക്കാരുടെയും വീടുകളിൽ പൊലീസിനെക്കൊണ്ട് കെസിആർ അനാവശ്യ റെയ്ഡ് നടത്തുന്നുവെന്ന് ആരോപിച്ചാണ് തടയുമെന്ന് റെഡ്ഡി പ്രഖ്യാപിച്ചത്.
ഇതേത്തുടർന്ന് കെസിആറിനു പ്രത്യേക സുരക്ഷ നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ദിവസം ഡിജിപിക്കു നിർദേശം നൽകി. പൊലീസ് നടപടിയിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു കോൺഗ്രസ് അറിയിച്ചു. ‘‘അറസ്റ്റുകൾ കൊണ്ട് തെലങ്കാനയിലെ കോൺഗ്രസ് അനുകൂല തരംഗത്തെ തടയാൻ ടിആർഎസിനു കഴിയില്ല. കെ.ചന്ദ്രശേഖര റാവുവിന്റെ ഏകാധിപത്യ നിലപാടിന്റെ ഫലമാണ് അറസ്റ്റ്. തെലങ്കാനയിൽ ടിആർഎസിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ജനങ്ങൾ ടിആർഎസിനെ തകർത്തെറിഞ്ഞ് കെസിആറിനെ ഫാം ഹൗസിൽ വിശ്രമത്തിനു വിടും.’’ – രാഹുൽ ഗാന്ധി (ട്വിറ്ററിൽ)