ന്യൂഡൽഹി∙ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ, രാമക്ഷേത്ര നിർമാണ ആവശ്യമുയർത്തി രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ സന്യാസിമാരും സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്നു. അധികാരത്തിലിരിക്കുന്നവർ നൽകിയ വാഗ്ദാനമാണ് രാമക്ഷേത്രമെന്നും ഇതു യാഥാർഥ്യമാക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
റാലി ഉദ്ഘാടനം ചെയ്ത ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി നടത്തിയ പ്രസംഗം സർക്കാരിനെയും ബിജെപിയെയും കൂടുതൽ പ്രതിരോധത്തിലാക്കി. ‘‘അധികാരത്തിലിരിക്കുന്നവർ ജനങ്ങളെ കേൾക്കണം. അവർ നൽകിയ വാഗ്ദാനമാണ് രാമക്ഷേത്രം. ഇതിന്റെ വൈകാരിക തലം അവർക്ക് അറിയാവുന്നതാണ്’’.
‘‘ഒരു സമുദായവുമായും സംഘർഷത്തിനില്ല. നിയമനിർമാണമാണ് രാമക്ഷേത്രത്തിനുള്ള വഴി. വാഗ്ദാനം യാഥാർഥ്യമാവുന്നതു വരെ മുന്നേറ്റം തുടരും’’ – ജോഷി പറഞ്ഞു.
ജനങ്ങളാണ് സുപ്രീമെന്നും കോടതി അതിനു ശേഷമാണെന്നും വിഎച്ച്പി പ്രസിഡന്റ് വിഷ്ണു സദാശിവ് കോക്ജെ പറഞ്ഞു. വിഎച്ച്പി വക്താവ് വിനോദ് ബൻസൽ, രാജ്യാന്തര വർക്കിങ് പ്രസിഡന്റ് അലോക് കുമാർ, ഹരിദ്വാറിലെ സ്വാമി ഹൻസ്ദേവാചാര്യ എന്നിവർ പ്രസംഗിച്ചു.
വീടുവീടാന്തരം കയറി നടത്തിയ ഒരുക്കങ്ങൾക്കു ശേഷമാണ് വിഎച്ച്പി റാലി സംഘടിപ്പിച്ചത്. ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ പേരും. കനത്ത സുരക്ഷയിലായിരുന്നു റാലി. അയോധ്യ, നാഗ്പുർ, മംഗളൂരു തുടങ്ങി ഏഴിടങ്ങളിലെ സമാന പരിപാടികൾക്കു ശേഷമാണ് ഡൽഹിയിലേത്. ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രാർഥനാ യജ്ഞമാണ് അടുത്ത ഘട്ടം. പ്രയാഗിൽ ധരംസൻസദോടെയാണ് ഇതു സമാപിക്കുക. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി മതസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.