കുറഞ്ഞ പിഎഫ് പെൻ‌ഷൻ 2000 രൂപ ആക്കിയേക്കും

ന്യൂഡൽഹി∙ പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്ന് 2000 രൂപയാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ശുപാർശ ചെയ്തേക്കും. എന്നാൽ, യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും ഉയർന്ന പെൻഷൻ നൽകണമെന്ന കോടതി വിധി നടപ്പാക്കുന്നത് സാമ്പത്തികമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നാണ് സമിതി കരുതുന്നത്. സമിതി ശുപാർശകൾ സമർപ്പിക്കുന്നതിനു മുൻപ് എൻ.കെ. പ്രേമചന്ദ്രൻ എംപിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

മുഖ്യമായും 3 ശുപാർശകളുടെ കാര്യത്തിലാണ് സമിതി ധാരണയിൽ എത്തിയിരിക്കുന്നത്. 1– ഏറ്റവും കുറഞ്ഞ പെൻഷൻ  2000 രൂപയായി വർധിപ്പിക്കുക. 2– സർവീസിൽ നിന്നു പിരിയുമ്പോൾ കമ്യൂട്ട് ചെയ്യുന്ന തുക പ്രതിമാസ പെൻഷനിൽ നിന്നു തിരിച്ചുപിടിച്ചു കഴിയുമ്പോൾ പൂർണ പെൻഷൻ പുനഃസ്ഥാപിക്കുക. 3– എംപ്ലോയീസ് പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്കെല്ലാം ഇഎസ്െഎ മെഡിക്കൽ ആനുകൂല്യം നൽകുക.