ന്യൂഡൽഹി∙ നിലവിലെ നിയമവ്യവസ്ഥയനുസരിച്ചുള്ളതാണു സ്വകാര്യ കംപ്യൂട്ടറിലെ വിവരങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളെ അനുവദിക്കുന്ന ആഭ്യന്തര മന്ത്രാലയ ഉത്തരവെന്ന സർക്കാർ വാദം തെറ്റെന്ന് നിയമവിദഗ്ധർ.
സ്വകാര്യ കംപ്യൂട്ടറുകളിൽ പ്രവേശിക്കാൻ അനുവദിച്ചാൽ വൈറസ് ആക്രമണമുൾപ്പെടെ സാധ്യമാക്കാനും വിവരങ്ങൾ ചോർത്താനും രഹസ്യാന്വേഷണ, ഏജൻസികൾക്കു സാധിക്കും. വ്യക്തിവിവരങ്ങൾ കേന്ദ്രഏജൻസികൾ പരിശോധിക്കുന്നതിനെതിരെ ആധാർ വിധിയിലൂടെ സുപ്രീം കോടതി ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഇവിടെ ലംഘിക്കപ്പെടുന്നു. ദേശീയ സുരക്ഷയെക്കരുതി ആധാർ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കും മറ്റും കൈമാറുന്നതിനു ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനു തീരുമാനിക്കാമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തീരുമാനമെടുക്കേണ്ടതു ഹൈക്കോടതി ജഡ്ജിയാണെന്നാണു സുപ്രീം കോടതി വിധിച്ചത്.
2009ലെ ചട്ടമനുസരിച്ചാണു കേന്ദ്രസർക്കാരിന്റെ നടപടിയെങ്കിൽ, ഇതുവരെ ആ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഏജൻസികളെ ചുമതലപ്പെടുത്തുന്ന ഉത്തരവുണ്ടായിട്ടില്ലെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആപാർ ഗുപ്ത പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യതയുടെ സംരക്ഷണങ്ങളുടെ പരിധി ഉയർത്തുന്നതായിരുന്നു സ്വകാര്യത മൗലികാവകാശമെന്നു വ്യക്തമാക്കി ഒൻപതംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധി. ഇപ്പോൾ സർക്കാർ ഉദ്ധരിക്കുന്നത് 2009 ലെ ചട്ടങ്ങളാണെങ്കിൽ, നിലവിലെ കോടതിവിധികളുടെ അടിസ്ഥാനത്തിൽ ആ ചട്ടങ്ങൾ നിലനിൽക്കുമോയെന്നു സർക്കാർ നിയമോപദേശം തേടണമായിരുന്നുവെന്നും അതുണ്ടായില്ലെന്നാണു വ്യക്തമാകുന്നതെന്നും ആപാർ ഗുപ്ത പറഞ്ഞു.