ന്യൂഡൽഹി ∙ ഡൽഹിയിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിട്ട 10 അംഗ ഐഎസ് അനുഭാവി സംഘത്തെ 12 ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. പ്രതികളെ തെളിവെടുപ്പിനു കൊണ്ടു പോകുമ്പോൾ വിലങ്ങിടാനും അനുവാദം നൽകി.
പട്യാല ഹൗസ് കോടതിയിൽ വൻസുരക്ഷാ സന്നാഹങ്ങൾക്കിടെ മുഖം മറച്ച് എത്തിച്ച പ്രതികളെ അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെയുടെ മുന്നിലാണ് ഹാജരാക്കിയത്. ഇനി ജനുവരി 8 ന് ഇവരെ ഹാജരാക്കണം. പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചു.
രഹസ്യവിവരത്തെ തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. 25 കിലോ സ്ഫോടകവസ്തു, 12 പിസ്റ്റൽ, ചാവേർ ആക്രമണത്തിനുള്ള വസ്ത്രങ്ങൾ, 91 മൊബൈൽ ഫോണുകൾ, 134 സിം കാർഡുകൾ, ടൈമറായി ഉപയോഗിക്കാനുള്ള 100 ക്ലോക്കുകൾ, 7.5 ലക്ഷം രൂപ തുടങ്ങിയവ ഇവരിൽ നിന്നു പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞത് നിരീക്ഷണം മൂലം: ജയ്റ്റ്‌ലി
ന്യൂഡൽഹി ∙ ഇലക്ട്രോണിക് ആശയവിനിമയം പിടിച്ചെടുത്തതു കൊണ്ടാണ് ഐഎസ് ഗൂഢാലോചന പൊളിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു കഴിഞ്ഞതെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. രാജ്യത്തെ ഏതു വ്യക്തിയുടെയും ഇലക്ട്രോണിക് ആശയവിനിമയം നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതി നൽകുന്ന ഉത്തരവു വിവാദമായത് ഓർമിപ്പിച്ചാണു ജയ്റ്റ്‌ലിയുടെ പ്രസ്താവന. ഏതു കംപ്യൂട്ടറിലും ഇലക്ട്രോണിക് ഉപകരണത്തിലും ശേഖരിച്ചിരിക്കുന്ന ഡേറ്റ നിരീക്ഷിക്കാനുള്ള നീക്കം ‘ഓർവലിയൻ’ രാഷ്ട്രത്തെ ഓർമിപ്പിക്കുന്നുവെന്നു മുൻ ധനമന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. വ്യക്തിയെ സദാ നിരീക്ഷിക്കുന്ന രാഷ്ട്രമാണു ജോർജ് ഓർവലിന്റെ പ്രഖ്യാതമായ ‘1984’ എന്ന കൃതിയിലെ പ്രമേയം.