Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിക്ഷാമം പരിഹരിക്കാൻ 1500 ടൺ അരി എത്തി

Rice Sack

തിരുവനന്തപുരം∙ സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാൻ ഭക്ഷ്യ, സഹകരണ വകുപ്പുകളുടെ നേതൃത്വത്തിൽ 1500 ടൺ അരി എത്തി. ഭക്ഷ്യവകുപ്പ് ആന്ധ്രയിൽ നിന്നെത്തിച്ച മുന്തിയ നിലവാരമുള്ള ലളിത ബ്രാൻഡ് ജയ അരി കിലോയ്ക്കു 42 രൂപ നിരക്കിൽ സപ്ലൈകോ വഴി വിതരണം തുടങ്ങി. കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ ബംഗാളിൽ നിന്നെത്തിച്ച സുവർണ മസൂരി അരി കിലോയ്ക്ക് 25 രൂപ നിരക്കിൽ സഹകരണ സംഘങ്ങൾ വഴിയാണു വിതരണം ചെയ്യുക.

ആന്ധ്രയിൽ നിന്നുള്ള 88 ടൺ അരി ഇന്നലെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെത്തി. മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ അരിയുടെ നിലവാരം നേരിട്ടു പരിശോധിച്ച് ഉറപ്പാക്കി. 700 ടൺ അരി കൂടി ഈയാഴ്ച കേരളത്തിലെത്തും. പൊതുവിപണിയിൽ 48 രൂപ വരെ വിലയുള്ള അരിയാണ് 42 രൂപയ്ക്കു സപ്ലൈകോ ലഭ്യമാക്കുന്നത്.

കൺസ്യൂമർഫെഡ് ആദ്യഘട്ടത്തിൽ 2500 ടൺ അരിയാണു ബംഗാളിൽ നിന്ന് എത്തിക്കുന്നത്. ഇതിൽ 800 ടൺ അരി ജില്ലകളിലെത്തിച്ച് ഇന്നുമുതൽ വിതരണം തുടങ്ങും. അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3000 ടൺ അരി കൂടി വാങ്ങാനുള്ള ടെൻഡർ നടപടി തുടങ്ങിയിട്ടുണ്ട്.